ചെന്നൈ: തമിഴ്നാട്ടിൽ കാർ നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളി നർത്തകി മരിച്ചു. കടലൂർ ചിദംബരത്തിന് സമീപത്തെ അമ്മപെട്ടൈ ബൈപാസിലാണ് അപകടം നടന്നത്. മലയാളി നർത്തകിയും എറണാകുളം സ്വദേശിയുമായ ഗൗരി നന്ദയാണ് മരിച്ചത്. പുതുച്ചേരിയിലേക്ക് യാത്ര ചെയ്യവെയാണ് വാഹനത്തിന്റെ നിയന്ത്രണംവിട്ടത്.
ഒമ്പത് പേരാണ് കാറിലുണ്ടായിരുന്നത്. എട്ട് പേരെ പരിക്കുകളോടെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണംവിട്ട് റോഡിന് സമീപത്തെ കുഴിയിലേക്ക് മറിയുകയായിരുന്നു.
എറണാകുളം സ്വദേശികളായ ഫ്രെഡി, അഭിരാമി, തൃശൂർ സ്വദേശിയായ വൈശാൽ, സുകില, അനാമിക എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.















