ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കർതവ്യ ഭവൻ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര മന്ത്രാലയങ്ങളെയും വിവിധ വകുപ്പുകളെയും ഒരുമിച്ച് കൊണ്ടുവരുന്നതിനും സഗമമായ പ്രവർത്തനം നടത്തുന്നതിനും കേന്ദ്ര സർക്കാരിന്റെ സുപ്രധാന പദ്ധതിയുടെ ഭാഗമാണ് കർതവ്യ ഭവൻ.
അത്യാഡംബര കോൺഫറൻസ് മുറികൾ, ആധുനിക സൗകര്യങ്ങൾ, സിസിടിവി എന്നിവ ഉൾപ്പെടെ ലോകോത്തര നിലവാരത്തിലുള്ള ധാരാളം സൗകര്യങ്ങൾ കർതവ്യ ഭവനിൽ ഉൾപ്പെടുന്നുണ്ട്. ആഭ്യന്തര, വിദേശകാര്യ, ഗ്രാമവികസനം , ഡിഒപിടി, പെട്രോളിയം, പ്രകൃതിവാതകം തുടങ്ങിയ വിവിധ മന്ത്രാലയങ്ങളുടെ ഓഫീസുകൾ കർതവ്യ ഭവനിൽ പ്രവർത്തിക്കും. 1.5 ലക്ഷം ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന കെട്ടിടത്തിൽ പ്രിൻസിപ്പൽ സയന്റിഫിക് അഡ്വൈസറുടെ (പിഎസ്എ) ഓഫീസും ഉണ്ടായിരിക്കും.
വിവിധ പരിസ്ഥിതിസൗഹാർദ്ദ പദ്ധതികൾ നടത്താനും പദ്ധതിയിടുന്നുണ്ട്. 1950 കൾക്കും 1970 കൾക്കും ഇടയിൽ നിർമിച്ച ശാസ്ത്രി ഭവൻ, കൃഷി ഭവൻ, ഉദ്യോഗ് ഭവൻ, നിർമൻ ഭവൻ തുടങ്ങിയ പഴയ കെട്ടിടങ്ങളിലാണ് നിലവിലെ പ്രധാന മന്ത്രാലയങ്ങൾ പ്രവർത്തിക്കുന്നത്. ഈ സാഹചര്യത്തിലാണ് കർതവ്യ ഭവൻ എന്ന പേരിൽ പുതിയ കെട്ടിടം നിർമിക്കാനുള്ള നീക്കം.
സെൻട്രൽ സെക്രട്ടറിയേറ്റ് എന്നാണ് കർതവ്യ ഭവൻ അറിയപ്പെടുന്നത്. രണ്ട് ഭാഗങ്ങളിലായി ഏഴ് നിലകളിലായാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. 600 കാറുകൾ വരെ ഉൾക്കൊള്ളാൻ കഴിയുന്ന കൂറ്റൻ പാർക്കിംഗ് ഏരിയയും കർതവ്യ ഭവനിലുണ്ട്. യോഗ മുറി, മെഡിക്കൽ മുറി, കഫേ, അടുക്കള എന്നിവ ഒരുക്കിയിട്ടുണ്ട്. അത്യാധുനിക സംവിധാനങ്ങളോടെയാണ് അടിസ്ഥാനസൗകര്യങ്ങൾ തയാറാക്കിയത്. 24 കോൺഫറൻസ് ഹാളുകൾ, 26 ചെറിയ കോൺഫറൻസ് ഹാളുകൾ 67 മീറ്റിംഗ് റൂമുകൾ, 27 ലിഫ്റ്റുകൾ എന്നിവയുമുണ്ട്.















