ന്യൂഡൽഹി: ആറ് വർഷങ്ങൾക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ചൈന സന്ദർശിക്കും. ഷാങ്ഹായ് സഹകരണ സംഘടന (എസ് സിഒ) ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനാണ് പ്രധാനമന്ത്രി ചൈനയിലേക്ക് പോകുന്നത്. ചൈനയിലെ ടിയാൻജിനിൽ പ്രധാനമന്ത്രി സന്ദർശനം നടത്തും. 2020-ലെ ഗൽവാൻ താഴ്വരയിലെ സംഘർഷത്തിന് ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി ചൈനയിലേക്ക് യാത്ര ചെയ്യുന്നത്.
ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ ഒന്ന് വരെയാണ് എസ് സിഒ ഉച്ചകോടി നടക്കുന്നത്. ഓഗസ്റ്റ് 30-ന് പ്രധാനമന്ത്രി ജപ്പാനിലേക്ക് തിരിക്കും. ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. കൂടാതെ വാർഷിക ഇന്ത്യ- ജപ്പാൻ ഉച്ചകോടിയിലും ഇരുവരും പങ്കെടുക്കും. ഇവിടെ നിന്നാണ് അദ്ദേഹം ചൈനയിലേക്ക് തിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർ ചൈന സന്ദർശിച്ചിരുന്നു. അടുത്തിടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായി കൂടിക്കാഴ്ച നടത്തി. എസ് സി ഒ ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനും പങ്കെടുക്കുമെന്നാണ് നിഗമനം.
കഴിഞ്ഞ മാസം ചൈനയിലെ ക്വിങ്‌ദാവോയിൽ നടന്ന എസ്‌സിഒയുടെ പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പങ്കെടുത്തിരുന്നു. ചൈന, ഇന്ത്യ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, റഷ്യ, പാകിസ്ഥാൻ, താജിക്കിസ്ഥാൻ, ഇറാൻ, ഉസ്ബെക്കിസ്ഥാൻ എന്നിങ്ങനെ ഒമ്പത് അംഗരാജ്യങ്ങളാണ് എസ്‌സിഒയിലുള്ളത്.















