വാഷിംഗ്ടൺ: ഭാരതത്തിന്റെ കയറ്റുമതി തീരുവ വീണ്ടും ഉയർത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 25 ശതമാനം അധിക തീരുവയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. ഇതോടെ ഇന്ത്യയ്‌ക്ക് ചുമത്തിയിരിക്കുന്ന കയറ്റുമതി തീരുവ 50 ശതമാനമായി ഉയർന്നു. തീരുവ ഉയർത്തുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗിക അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തീരുവ വർദ്ധിപ്പിച്ച ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു.
21 ദിവസത്തിനുള്ളിൽ പുതിയ കയറ്റുമതി തീരുവ പ്രാബല്യത്തിൽ വരുമെന്നാണ് വിവരം. റഷ്യയിൽ നിന്നുള്ള എണ്ണയുടെ തുടർച്ചയായുള്ള ഇറക്കുമതിയാണ് തീരുവ വർദ്ധിപ്പിക്കാൻ കാരണമായതെന്ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. റഷ്യയുമായി തുടർച്ചയായി വ്യാപാരം നടത്തുകയോ യുക്രെയിനിനെതിരെ ആക്രമണം നടത്താൻ റഷ്യയ്‌ക്ക് ധനസഹായം ചെയ്യുകയോ ഉണ്ടായാൽ മറ്റ് രാജ്യങ്ങൾക്കെതിരെയും സമാന നടപടികൾ സ്വീകരിക്കുമെന്ന് ട്രംപ് അറിയിച്ചു.
ഇന്ത്യൻ ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിനുള്ള തീരുവ അമ്പത് ശതമാനമായി ഉയർത്തിയത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം തിരിച്ചടി തന്നെയാണ്. ഇത് ചൈനയേക്കാൾ 20 ശതമാനവും പാകിസ്ഥാനേക്കാൾ 21 ശതമാനവും കൂടുതലാണ്.
അടുത്ത 24 മണിക്കൂറിനുള്ളിൽ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കുമെന്ന് ഡോണൾഡ് ട്രംപ് സൂചന നൽകിയിരുന്നു. റഷ്യയിൽ നിന്ന് സൈനിക ഉപകരണങ്ങൾ വാങ്ങുന്നതിനെതിരെ ട്രംപ് രംഗത്തെത്തിയിരുന്നു. യുക്രെയിൻ സംഘർഷം ആരംഭിച്ചതിന് ശേഷം റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്തതാണ് ട്രംപിനെ ചൊടിപ്പിച്ചത്.















