ധർമ്മസ്ഥല : ദക്ഷിണകന്നഡ ജില്ലയിലെ ബെൽത്തങ്ങാടി താലൂക്കിലെ ധർമ്മസ്ഥലയ്‌ക്ക് സമീപം പങ്കല പ്രദേശത്ത് മൂന്ന് യൂട്യൂബർമാരെ ബുധനാഴ്ച വൈകുന്നേരം നാട്ടുകാർ ആക്രമിച്ചതായി റിപ്പോർട്ട്. ധർമ്മസ്ഥല വിഷയത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ചാണ് നാട്ടുകാർ യൂട്യൂബർമാരെ ആക്രമിച്ചത്. ഇതിനെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തു.പങ്കലയിൽ നാട്ടുകാർ യൂട്യൂബർമാരെ ആക്രമിക്കുകയും അവരുടെ ക്യാമറകൾ നശിപ്പിക്കുകയും ചെയ്തപ്പോൾ നൂറുകണക്കിന് യുവാക്കൾ അവിടെ തടിച്ചുകൂടി എന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സ്ഥിതി അക്രമാസക്തമായപ്പോൾ പൊലീസ് നേരിയ ലാത്തിചാർജ് നടത്തി. ആക്രമിക്കപ്പെട്ട യൂട്യൂബർമാരിൽ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
യൂട്യൂബർമാർക്ക് നേരെയുണ്ടായ ആക്രമണം പക്ഷപാതപരമായി റിപ്പോർട്ട് ചെയ്തെന്നാരോപിച്ച് രണ്ട് വാർത്താ ചാനൽ റിപ്പോർട്ടർമാരെയും നാട്ടുകാർ ആക്രമിച്ചു. സംഭവത്തെത്തുടർന്ന് രണ്ട് ഗ്രൂപ്പുകൾ തമ്മിൽ സംഘർഷമുണ്ടായെങ്കിലും നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നാണ് പോലീസ് പറയുന്നത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ധർമ്മസ്ഥലയിൽ പലവിധ വാഗ്വാദം നടക്കുകയായിരുന്നു, ഇന്നലെ വൈകുന്നേരം തർക്കം അതിന്റെ മൂർദ്ധന്യത്തിലെത്തി.
ധർമ്മസ്ഥലയെ ചുറ്റിപ്പറ്റി ഉയർന്നു വന്നിരിക്കുന്ന വിവാദങ്ങളിൽ എസ്‌ഐടിയുടെ അന്വേഷണത്തിനിടെ, ഇന്നലെ വൈകുന്നേരം ധർമ്മസ്ഥലയ്‌ക്ക് സമീപം ഒരു യൂട്യൂബർ ഒരാളുമായി അഭിമുഖം നടത്തുന്നതിനിടെ ചോദിച്ച ചിലചോദ്യങ്ങളാണ് പ്രകോപനമായത്. തുടർന്ന് ഒരു ക്യാമറാമാൻ ഉൾപ്പെടെ മൂന്ന് യൂട്യൂബ് ചാനലുകളെ പ്രതിനിധീകരിക്കുന്ന നാല് പേരെ ഒരു പ്രാദേശിക ജനക്കൂട്ടം ആക്രമിച്ചതായി പോലീസ് പറയുന്നു.
ധർമ്മസ്ഥലയിൽ യൂട്യൂബർമാർക്ക് നേരെയുണ്ടായ ആക്രമണത്തിൽ നാല് പേർക്കെതിരെ കേസെടുത്തു. രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു.ഒരു എഫ്‌ഐആർ യൂട്യൂബർമാരുടെ ഒരു സംഘത്തെ ആക്രമിച്ചതിനും സ്വകാര്യ വാർത്താ ചാനലിന്റെ റിപ്പോർട്ടറെ ആക്രമിച്ചതിനും അവരുടെ രണ്ട് വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തിയതിനുമാണ്. നിയമവിരുദ്ധമായി സംഘം ചേർന്നതിന് രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ധർമ്മസ്ഥല പൊലീസ് സ്റ്റേഷൻ പരിസരത്തും പ്രാദേശിക ആശുപത്രിക്ക് മുന്നിലും പൊലീസ് ലാത്തിചാർജ് നടത്തി.
അന്വേഷണത്തിന്റെ ഭാഗമായി സംഭവസ്ഥലത്തു നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.















