ന്യൂഡൽഹി: ബോളിവുഡ് നടി ഹുമ ഖുറേഷിയുടെ സഹോദരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഡൽഹിയിലെ നിസാമുദ്ദീനിലാണ് സംഭവം. പാർക്കിംഗുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു.
ഹുമ ഖുറേഷിയുടെ കസിൻ സഹോദരനായ ആസിഫ് ഖുറേഷിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ആസിഫിന്റെ വീടിന് മുന്നിൽ വച്ചാണ് കൊലപാതകം നടന്നത്. വീടിന്റെ ഗേറ്റിന് മുന്നിൽ ബൈക്ക് പാർക്ക് ചെയ്തതിനെ ചൊല്ലിയായിരുന്നു തർക്കം. ഇതിനിടെ ആയുധങ്ങൾ കൈവശം വച്ചിരുന്ന പ്രതികൾ തർക്കത്തിനിടെ ആസിഫിനെ കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ആസിഫിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
പാർക്കിംഗുമായി ബന്ധപ്പെട്ട് വിഷയത്തിൽ പ്രതികൾ നേരത്തെയും ആസിഫുമായി വാക്കുതർക്കമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞെത്തിയ ആസിഫ് ഗേറ്റിന് മുന്നിൽ വാഹനം പാർക്ക് ചെയ്തിരിക്കുന്നത് കാണുകയുണ്ടായി. തുടർന്ന് യുവാക്കളുമായി വീണ്ടും വഴക്കിടുകയായിരുന്നു. ആസിഫിനെ അസഭ്യം പറയുകയും കത്തി ഉപയോഗിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയുമായിരുന്നു.















