എറണാകുളം: മെട്രോ സ്റ്റേഷനിലെ റെയിൽപ്പാളത്തിൽ നിന്ന് താഴേക്കുചാടി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഉന്നതതല അന്വേഷണം ആരംഭിച്ച് കൊച്ചി മെട്രോ റെയിൽ. കെഎംആർഎൽ ഡയറക്ടറുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. മലപ്പുറം സ്വദേശിയായ നിസാറാണ് കഴിഞ്ഞ ദിവസം മെട്രോ റെയിൽപാളത്തിൽ നിന്ന് ചാടി മരിച്ചത്. മെട്രോ സ്റ്റേഷനിൽ ടിക്കറ്റ് വാങ്ങിയ ശേഷം പ്ലാറ്റ്ഫോമിൽ കയറി ട്രാക്കിലേക്ക് ചാടുകയായിരുന്നു.
അഗ്നിശമനസേന സ്ഥലത്തെത്തി അടിയന്തര രക്ഷാപ്രവർത്തനം നടത്തിയെങ്കിലും നിസാറിനെ രക്ഷിക്കാനായില്ല. വല നിലത്ത് വിരിച്ചിരുന്നെങ്കിലും നിസാറിന് വീഴ്ചയിൽ ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.
റെയിൽ പാളത്തിലേക്ക് ഇറങ്ങിയ നിസാറിനെ കണ്ട് ജീവനക്കാർ ഓടിയെത്തിയെങ്കിലും ഇതൊന്നും വകവയ്‌ക്കാതെ യുവാവ് പടികൾ കയറി മുകളിലേക്ക് പോവുകയായിരുന്നു. തുടർന്ന് റെയിലിന്റെ വൈദ്യുതിബന്ധം അധികൃതർ വിച്ഛേദിച്ചു. പൊലീസും അഗ്നിരക്ഷാസേനയും എത്തി നിസാറിനെ അനുനയിപ്പിച്ച് താഴെയിറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെ യുവാവ് താഴേക്കുചാടി.
38 അടി ഉയരത്തിൽ നിന്നാണ് യുവാവ് താഴേക്ക് ചാടിയത്. ഗുരുതരമായി പരിക്കേറ്റ നിസാറിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മെട്രോ പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.















