ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ പരാതി നൽകാൻ തയ്യാറാകാതെ രാഹുലും കോൺഗ്രസും. രേഖാമൂലം പരാതി നൽകാൻ ആവശ്യപ്പെടുന്നത് എന്തിനാണ് എന്നാണ് പ്രിയങ്ക വാദ്രയുടെ ന്യായീകരണം. തെരഞ്ഞെടുപ്പ് തോൽവികളിലെ ജാള്യത മറക്കാൻ രാഹുൽ തെരഞ്ഞെടുപ്പ് കമ്മിഷനെ അപമാനിക്കുന്നതായി ബിജെപി ആരോപിച്ചു.
കഴിഞ്ഞ ദിവസം തെളിവുകൾ ഉണ്ടെന്ന് പറഞ്ഞാണ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുൽ ആരോപണം ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് കർണ്ണാടകയിലെയും മഹാരാഷ്‌ട്രയിലെയും തെരഞ്ഞെടുപ്പ് കമ്മീഷണർമാർ വിഷയം വിശദമായി പരിശോധിക്കുമെന്നും, രേഖമൂലം പരാതി നൽകാനും ആവശ്യപ്പെട്ടത്. എന്നാൽ വലിയ ആരോപണങ്ങൾ ഉന്നയിച്ച രാഹുലും കൂട്ടരും ഇതുവരെ രേഖമൂലം പരാതി നൽകാൻ തയ്യാറായിട്ടില്ല.
കോൺഗ്രസ് എന്തുകൊണ്ട് തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നൽകിയില്ലെന്ന് ബിജെപി ചോദിച്ചു. തെരഞ്ഞെടുപ്പിന് മുമ്പ് എല്ലാം പാർട്ടികൾക്കും കമ്മീഷൻ വോട്ടർ പട്ടിക നൽകാറുണ്ട്. ഇതോടെ ബൂത്തുതലനേതാക്കൾക്ക് പോലും പട്ടിക പരിശോധിക്കാനും തെറ്റ് ചൂണ്ടിക്കാട്ടാനും അവസരം ലഭിക്കും. പ്രശ്നമുണ്ടെങ്കിൽ അപ്പോൾ തന്നെ വിഷയം കമ്മീഷന്റെ ശ്രദ്ധയിൽപ്പെടുത്താം.
കൂടാതെ ബൂത്തുകളിൽ എല്ലാ പാർട്ടികൾക്കും ഏജന്റുമാരുമുണ്ടാകും. തെരഞ്ഞടുപ്പ് കഴിഞ്ഞതിന് ശേഷം 30 ദിവസത്തിനുള്ളിൽ പരാതി നൽകാനും അവസരമുണ്ട്. അതൊന്നും ഉപയോഗിക്കാതെ തുടർച്ചയായി വെറും ആരോപണം ഉന്നയിച്ച് ഭരണഘടന സ്ഥാപനത്തെ അപകീർത്തിപ്പെടുത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും ബിജെപി കുറ്റപ്പെടുത്തി. കഴിഞ്ഞ കുറെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തുടർച്ചയായി പരാജയപ്പെടുകയാണ്. തോൽവികളിലെ ജാള്യത മറക്കാനാണ് രാഹുൽ തെരഞ്ഞെടുപ്പ് കമ്മിഷനെ അപമാനിക്കുന്നതെന്നും ബിജെപി നേതാക്കൾ പറഞ്ഞു.
ബിഹാറിൽ വോട്ടർപ്പട്ടിക പരിഷ്കരണത്തിലും സമാന സ്ഥിതിയാണ്. ഇക്കാര്യത്തിലും ആരോപണവും പ്രതിഷേധ സമരവും നടക്കുന്നുണ്ടെങ്കിലും പരാതി നൽകാൻ ഇപ്പോഴും കോൺഗ്രസ് തയ്യാറായിട്ടില്ല.















