ന്യൂഡൽഹി: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെ തുടർന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയുടെ ഇറക്കുമതി തീരുവ 50 ശതമാനം വർദ്ധിപ്പിച്ച സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണിൽ സംസാരിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ. യുഎസിന്റെ സമ്മർദ്ദങ്ങൾക്കിടയിലും ഇന്ത്യ- റഷ്യ ബന്ധം ശക്തമാക്കുന്നുവെന്ന് തെളിയിക്കുന്നതാണ് ഇരുനേതാക്കളുടെയും സംഭാഷണം. പ്രധാനമന്ത്രി തന്നെയാണ് ഇക്കാര്യം എക്സിലൂടെ അറിയിച്ചത്.
റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനുമായി വിശദമായ ചർച്ച നടത്തിയതായി പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധം അവലോകനം ചെയ്യുന്നതിനും കൂടുതൽ ശക്തമാക്കുന്നതിനും ആവശ്യമായ ചർച്ചകൾ നടന്നു. കൂടാതെ യുക്രെയിൻ- റഷ്യ യുദ്ധത്തെ കുറിച്ചും ഇരുവരും ചർച്ച ചെയ്തു. യുക്രെയിനുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുടിൻ മോദിയെ അറിയിച്ചിട്ടുണ്ട്. സംഘർഷം സമാധാനപരമായി പരിഹാരിക്കുന്നതിനുള്ള നടപടികൾ തുടരുമെന്നും പ്രധാനമന്ത്രി ആവർത്തിച്ചു.
ഈ വർഷത്തെ വാർഷിക ഉച്ചകോടിക്കായി വർഷാവസാനം ഇന്ത്യ സന്ദർശിക്കാൻ പുടിനെ പ്രധാനമന്ത്രി ക്ഷണിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി പുടിൻ കൂടിക്കാഴ്ച നടത്തിയിരുന്നു. മോസ്കോയിൽ വച്ചായിരുന്നു കൂടിക്കാഴ്ച.
ഇന്ത്യയുടെ ഇറക്കുമതി തീരുവ 50 ശതമാനം വർദ്ധിപ്പിച്ചതിന്റെ സാഹചര്യത്തിൽ ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവയുമായും പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ഫോണിൽ സംസാരിച്ചിരുന്നു. ട്രംപിന്റെ നിലപാടിനെ ശക്തമായി അപലപിച്ച ബ്രസീൽ പ്രസിഡന്റ് ഇന്ത്യയ്‌ക്ക് എല്ലാ പിന്തുണയും നൽകുമെന്ന് ഉറപ്പുനൽകി.















