മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുളള കൂടിക്കാഴ്ച ഔദ്യോഗികമായി സ്ഥിരീകരിച്ച് ക്രെംലിൻ വക്താവ്. ഓഗസ്റ്റ് 15 ന് അലാസ്കയിൽ വച്ച് ഇരു നേതാക്കളും ചർച്ച നടത്തുമെന്ന് നടത്തുമെന്ന് യൂറി ഉഷാക്കോവ് പറഞ്ഞു. ട്രംപ് രണ്ടാമതും വൈറ്റ് ഹൗസിൽ തിരിച്ചെത്തിയതിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണിത്.
ട്രംപാണ് കൂടിക്കാഴ്ചയുടെ വിവരം ആദ്യം പുറത്തുവിട്ടത്. ട്രൂത്ത് സോഷ്യൽ പേജിലൂടെയായിരുന്നു യുഎസ് പ്രസിഡന്റിന്റെ പ്രഖ്യാപനം. ഓഗസ്റ്റ് 6 ന് ട്രംപിൻെറ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് മോസ്കോയിൽ എത്തി പുടിനെ കണ്ടിരുന്നു. മൂന്നു മണിക്കൂറോളം നീണ്ട സംഭാഷണത്തിന് പിന്നാലെയാണ് അലസ്കയിൽ നടക്കുന്ന കൂടിക്കാഴ്ചയുടെ വിവരം ക്രെംലിൻ സ്ഥിരീകരിച്ചത്.
റഷ്യ-യുക്രെയ്ൻ സംഘർഷവുമയി ബന്ധപ്പെട്ട ചർച്ചകളാണ് പ്രധാനമായും നടക്കുക. യുക്രെയിൻ – റഷ്യ സംഘർഷം 50 ദിവസത്തിനുള്ളിൽ അവസാനിപ്പിക്കണം അല്ലെങ്കിൽ റഷ്യയ്‌ക്ക് മേൽ ഉപരോധം ഏർപ്പെടുത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. എന്നാൽ ഇത് റഷ്യ പുച്ഛിച്ച് തള്ളിയിരുന്നു. പതിവ് പരിപാടിയുമായി ട്രംപ് വരണ്ടേന്നായിരുന്നു റഷ്യയുടെ പ്രതികരണം
ട്രംപിന്റെ 20 ശതമാനം അധിക തീരുവ പ്രഖ്യാപനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി പുടിനുമായി ഫോണിൽ സംസാരിച്ചിരുന്നു. റഷ്യൻ എണ്ണയുടെ പ്രധാന ഉപഭോക്ത്ര രാജ്യങ്ങൾക്കെല്ലാം ട്രംപ് തീരുവ ചുമത്തിയിട്ടുണ്ട്. ചൈന, ദക്ഷിണാഫ്രിക്ക, കസാക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, ബെലാറസ് എന്നിവിടങ്ങളിലെ രാഷ്‌ട്രതലവൻമാരുമായും പുടിൻ ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ട്..















