ന്യൂഡൽഹി: ആർജെഡി നേതാവ് തേജസ്വി യാദവിന്റെ വോട്ടർ ഐഡി കാർഡ് വ്യാജമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇതുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 16-ന് വൈകുന്നേരം അഞ്ച് മണിക്കുള്ളിൽ യഥാർത്ഥ തിരിച്ചറിയൽ രേഖകൾ കമ്മീഷന് മുന്നിൽ സമർപ്പിക്കണമെന്ന് നിർദേശിച്ചു.
വ്യക്തമായ വിവരങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ തേജസ്വി യാദവിന് നോട്ടീസ് അയച്ചിട്ടുണ്ട്. തേജസ്വി യാദവ് സമർപ്പിച്ച ഇലക്ടറൽ രജിസ്ട്രേഷൻ നമ്പറുകൾ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഡാറ്റാബേസിലെ രേഖകളുമായി പൊരുത്തക്കേടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് നൽകിയിരിക്കുന്നത്. വ്യാജരേഖകൾ ഉണ്ടാക്കുകയോ സമർപ്പിക്കുകയോ ചെയ്യുന്നത് കുറ്റകരമാണെന്നും ശിക്ഷാർഹമാണെന്നും നോട്ടീസിൽ പറയുന്നു.
2015-ലും 2020-ലും രഘോപൂർ നിയമസഭ സീറ്റിലേക്ക് തേജസ്വി നൽകിയ നാമനിർദേശ പത്രികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന നമ്പർ വ്യത്യസ്തമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തിയിട്ടുണ്ട്. ഓഗസ്റ്റ് രണ്ടിന് നടന്ന പത്രസമ്മേളനത്തിൽ തേജസ്വി യാദവ് പ്രദർശിപ്പിച്ച തിരിച്ചറിയൽ കാർഡിലെ വിവരങ്ങളും വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.
പുതിയ കരട് വോട്ടർ പട്ടികയിൽ തന്റെ പേരില്ലെന്ന് തേജസ്വി യാദവ് അവകാശപ്പെട്ടിരുന്നു. തന്റെ ഐഡി കാർഡ് നമ്പർ മാറ്റിയതായും ആർജെഡി നേതാവ് ആരോപിച്ചു. ഇതിന് ബദലായി മറ്റൊരു വോട്ടർ ഐഡി നൽകിയിരുന്നു. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തി പത്രസമ്മേളനം നടത്തുകയായിരുന്നു തേജസ്വി യാദവ്.















