കോട്ടയം: വയോധിതയും മകളും താമസിക്കുന്ന വീട്ടിൽ വൻ കവർച്ച. കോട്ടയം കഞ്ഞിക്കുഴിയിലാണ് താമസം. അമ്പത് പവൻ സ്വർണവും പണവുമാണ് മോഷണം പോയത്. അമ്പുങ്കയം സ്വദേശിയായ അന്നമ്മ, മകൾ ഫിലിപ്പ് എന്നിവരാണ് വീട്ടിൽ താമസിക്കുന്നത്. ഇവർ ആശുപത്രിയിൽ പോയിരുന്ന സമയത്താണ് കവർച്ച നടന്നത്.
പൊലീസും വിരലടയാളം വിദഗ്ധരും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് 84 കാരിയായ അന്നമ്മ തോമസിനെ കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഈ സമയം ആളില്ലെന്ന് ഉറപ്പായതോടെയാണ് കവർച്ച നടന്നത്. വാതിൽ പൊളിച്ചാണ് മോഷ്ടാവ് അകത്ത് കയറിയത്. കൃത്യത്തിന് പിന്നിൽ ഒരാൾ മാത്രമാണോ കൂടുതൽ ആളുകളുണ്ടോ എന്നതുൾപ്പെടെയുള്ള വിവരങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്.
സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. പ്രദേശവാസികളെ ചോദ്യം ചെയ്തേക്കും. ഇന്നലെ രാത്രി രണ്ട് മണിക്കും പുലർച്ചെ ആറ് മണിക്കും ഇടയിലാണ് മോഷണം നടന്നത്.















