ന്യൂഡൽഹി: ഭാരതം ആഗോള ശക്തിയായി മാറുന്നതിൽ ചിലർ സന്തുഷ്ടരല്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യയുടെ ഇറക്കുമതി തീരുവ അമ്പത് ശതമാനമായി വർദ്ധിപ്പിച്ച യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ നടപടിയെ വിമർശിക്കുകയായിരുന്നു രാജ്നാഥ് സിംഗ്.
ലോകരാഷ്‌ട്രങ്ങൾക്ക് മുന്നിൽ ഇന്ത്യ വളരുന്നതിൽ യുഎസിന് അതൃപ്തിയുണ്ട്. ഇന്ത്യ വികസിക്കുന്നതിൽ സന്തുഷ്ടരല്ലാത്ത ചിലരുണ്ട്. ഇന്ത്യയിൽ നിർമിക്കുന്ന ഉത്പന്നങ്ങൾ മറ്റ് രാജ്യങ്ങളിൽ നിർമിക്കുന്ന ഉത്പന്നങ്ങളെ അപേക്ഷിച്ച് കൂടുതൽ വിലയേറിയതാക്കാൻ ചിലർ ശ്രമിക്കുന്നു. അങ്ങനെ വില വർദ്ധിക്കുമ്പോൾ ലോകം അവ വാങ്ങുന്നത് അവസാനിപ്പിക്കുന്നു. ഇന്ത്യ വേഗത്തിൽ മുന്നേറുകയാണ്. പൂർണ ആത്മവിശ്വാസത്തോടെയാണ് ഞാൻ പറയുന്നത്. ലോകത്തിലെ മറ്റൊരു ശക്തിക്കും ഇന്ത്യയുടെ ശക്തിയെയും വളർച്ചയെയും തളർത്താൻ സാധിക്കില്ല.
നിലവിലെ സാഹചര്യങ്ങളൊന്നും പ്രതിരോധ കയറ്റുമതിയെ ബാധിച്ചിട്ടില്ല. അതേസമയം തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പ്രതിരോധ മേഖലയെ സംബന്ധിച്ചിടത്തോളം 24,000 കോടിയിലധികം പ്രതിരോധ വസ്തുക്കൾ കയറ്റുമതി ചെയ്യുന്നുണ്ട്. ഇതാണ് ഭാരതത്തിന്റെ ശക്തി. ഇതാണ് പുതിയ ഭാരതത്തിന്റെ പുതിയ പ്രതിരോധ മേഖലയെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.















