തിരുവനന്തപുരം :തൃശ്ശൂർ പാർലമെന്റ് നിയോജകമണ്ഡലത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വിജയത്തെക്കുറിച്ച് തെറ്റിദ്ധാരണാജനകമായ പ്രസ്താവനകൾ ഇറക്കുന്ന ഇടതുപക്ഷ സ്ഥാനാർഥി വിഎസ് സുനിൽകുമാറിനും യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരനും പരിഹാസത്തിൽ പൊതിഞ്ഞ മറുപടിയുമായി അഡ്വക്കേറ്റ് ജയശങ്കർ
“എന്നോട് പാർട്ടിക്കാരനായ ഒരു സഖാവ് പറഞ്ഞ ഒരു കാര്യമുണ്ട്. അദ്ദേഹം ഒരു മാർക്സിസ്റ്റ് കുടുംബക്കാരൻ ആണ്, ചാലക്കുടി മണ്ഡലത്തിലെ സ്ഥിരതാമസക്കാരനും അവിടുത്തെ വോട്ടറും ആണ് ആണ്.പുള്ളിയുടെ ഭാര്യവീട് തൃശ്ശൂർ പാർലമെന്റ് മണ്ഡലത്തിൽപ്പെട്ട പുതുക്കാട് ആണ്. ഭാര്യയുടെ വോട്ട് പുതുക്കാട്ടുമുണ്ട് ചാലക്കുടിയിലും ഉണ്ട്. ഭാര്യ ഞാൻ സുനി ചേട്ടന് വോട്ട് ചെയ്തിട്ട് വരാം എന്നു പറഞ്ഞു ഭർത്താവിന്റെ വീട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്ക് പോയി. തിരിച്ചു വന്നിട്ട് ഞാൻ സുരേഷ് ഗോപിക്കാണ് വോട്ട് ചെയ്തത് എന്ന് ഭർത്താവിനോട് പറയുകയും ചെയ്തു., എന്നാണ് അദ്ദേഹം പറഞ്ഞത്.
ഇത് ഒറ്റപ്പെട്ട സംഭവമല്ല ഇതുപോലെ ഒട്ടനവധി സ്ത്രീകൾ ഭർത്താക്കന്മാരുടെ താൽപര്യപ്രകാരമോ ഭർത്താക്കന്മാരുടെ താൽപര്യത്തിനെതിരായിട്ടോ അല്ലെങ്കിൽ ഭർത്താക്കന്മാർ എന്തു ചെയ്താലും കുഴപ്പമില്ല എന്ന് കരുതിയിട്ടോ സുരേഷ് ഗോപിക്ക് വോട്ട് ചെയ്തിട്ടുണ്ട്.
തൃശ്ശൂർ മണ്ഡലത്തിൽ തന്നെയുള്ള സ്ത്രീകളും ഗണ്യമായ രീതിയിൽ ഇതുപോലെ വോട്ട് ചെയ്തിട്ടുണ്ട്. സ്ത്രീകൾക്ക് സുരേഷ് ഗോപിയുടെ വലിയ ആരാധനയും ബഹുമാനവും ഒക്കെയുണ്ട്. അത് അദ്ദേഹം ഒരു വലിയ സിനിമ നടൻ എന്ന രീതിയിലുള്ള ആരാധനയുണ്ട്, പിന്നെ വലിയ ജീവകാരുണ്യ പ്രവർത്തകൻ എന്ന രീതിയിലുള്ള ആരാധനയുണ്ട്. ജന നേതാവ് എന്ന രീതിയിലും ഉണ്ട്. സ്ത്രീകളുടെ വോട്ടാണ് സത്യത്തിൽ സുനിൽകുമാറിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചത്. അതാണ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വലിയ സ്വാധീനമുള്ള മേഖലകളിൽ പോലും സുരേഷ് ഗോപിക്ക് ലീഡ് നേടിക്കൊടുത്തത് “.അഡ്വക്കേറ്റ് ജയശങ്കർ പറഞ്ഞു
“സുരേഷ് ഗോപിയെ ജയിപ്പിച്ചത് അല്ലെങ്കിൽ സുനിൽകുമാറിനെ തോൽപ്പിച്ചത് പൂരം കലങ്ങിയതല്ല, യഥാർത്ഥത്തിൽ അട്ടിമറി സംഭവിച്ചത് കരുവന്നൂർ ബാങ്കിനെ ചൊല്ലിയാണ്. ഇരിങ്ങാലക്കുടയിൽ സുനിൽ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.കരുവന്നൂർ ബാങ്ക് വിഷയത്തിൽ ഇടതുപക്ഷക്കാരിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാൻ പറ്റാത്ത പെരുമാറ്റം ഉണ്ടായി. കുറ്റവാളികളെ ഒക്കെ പാർട്ടി സംരക്ഷിച്ചു, അതിലുപരി ഇതേക്കുറിച്ച് എൻഫോഴ്‌സ്‌മെന്റ് അന്വേഷണം വന്നപ്പോൾ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സഹകരണ മേഖലയെ തകർക്കാൻ ശ്രമിക്കുന്നു സാമ്രാജ്യത്വം ഫാസിസം എന്ന് പറഞ്ഞ് നാട്ടിൽ വലിയ വലിയ സമ്മേളനങ്ങൾ നടത്തി. ഇതൊക്കെ കണ്ടുകൊണ്ടിരിക്കുന്ന ആളുകൾ അവരും പൊട്ടന്മാർ ഒന്നുമല്ല.അവർ സംഘടിച്ച് കൃത്യമായിട്ട് തെരഞ്ഞെടുപ്പിൽ പണി കൊടുത്തു”, അഡ്വക്കേറ്റ് ജയശങ്കർ പറഞ്ഞു
“സുരേഷ് ഗോപി ജയിക്കാൻ കാരണമായ പല ഘടകങ്ങളിൽ ഒന്നാണ് ബിജെപിക്കാർ കൂടുതലായി വോട്ടർമാരെ ചേർത്തു എന്നത്.. അതുകൂടാതെയും അദ്ദേഹത്തിന് അനുകൂലമായ പല ഘടകങ്ങളും ഉണ്ടായിരുന്നു ഏതായാലും ഇപ്പോൾ തിരഞ്ഞെടുപ്പ് കഴിഞ്ഞു റിസൾട്ട് വന്നു അദ്ദേഹം കേന്ദ്രമന്ത്രിയായി ഇനിയും ഇതൊക്കെ പറഞ്ഞ് കൊതി പറഞ്ഞു കൊണ്ടിരിക്കാതെ അടുത്ത തെരഞ്ഞെടുപ്പിന് നമ്മളും ധാരാളമാക്കുകളെ ചേർക്കുക.. വോട്ടർ പട്ടികയിൽ പേരുണ്ടെങ്കിൽ അല്ലേ വോട്ട് ചെയ്യാൻ പറ്റൂ. വോട്ട് ഉണ്ടെങ്കിൽ അല്ലേ സ്ഥാനാർത്ഥി ജയിക്കൂ..”അഡ്വക്കേറ്റ് ജയശങ്കർ ചോദിച്ചു.
ഒരു സ്വകാര്യ യൂട്യൂബ് ചാനലിലെ തന്റെ പ്രതിദിന രാഷ്‌ട്രീയ നിരീക്ഷണ പരിപാടിയിലാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.















