ന്യൂഡൽഹി: ഭാരതത്തിന്റെ സമ്പദ് വ്യവസ്ഥയെ അധിക്ഷേപിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പരാമാർശത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സമ്പദ് വ്യവസ്ഥകളിൽ ഒന്നായി മാറാനാണ് ഭാരതം ശ്രമിക്കുന്നതെന്നും ഇത് സാധ്യമാക്കുന്നത് രാജ്യത്തിന്റെ വ്യക്തമായ ഉദ്ദേശ്യങ്ങളുടെയും സത്യസന്ധമായ പരിശ്രമങ്ങളിലൂടെയുമാണെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുന്നതിനുള്ള യാത്രയിലാണ് ഭാരതം. 2014-ൽ അഞ്ച് നഗരങ്ങളിൽ മാത്രമുണ്ടായിരുന്ന മെട്രോ ഇപ്പോൾ 24 ഇടങ്ങളിലുണ്ട്. 2014-ന് മുമ്പ് 20,000 കിലോമീറ്റർ റെയിൽപാതയാണ് വൈദ്യുതീകരിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ 11 വർഷത്തിനിടെ 40,000 കിലോമീറ്റർ റെയിൽപാത വൈദ്യുതീകരിച്ചു.
74 വിമാനത്താവളങ്ങൾ മാത്രമുണ്ടായിരുന്ന ഇന്ത്യയിൽ ഇന്ന് 160 വിമാനത്താവളങ്ങളുണ്ട്. വലിയ മാറ്റങ്ങൾ ഉള്ളത് ദേശീയ ജലപാതകളുടെ എണ്ണത്തിലാണ്. മൂന്ന് ജലപാതകൾ പ്രവർത്തിച്ചിരുന്ന രാജ്യത്ത് ഇന്ന് 30 എണ്ണമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
യുഎസുമായുള്ള വ്യാപാര സംഘർഷങ്ങൾ രൂക്ഷമാകുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പരാമർശം. റഷ്യയിൽ നിന്ന് ഇന്ത്യ തുടർച്ചയായി എണ്ണ വാങ്ങുന്നതിനെ തുടർന്നാണ് യുഎസ് ഇറക്കുമതി തീരുവ വർദ്ധിപ്പിച്ചത്. എന്നാൽ രാജ്യതാത്പര്യങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്നും നിലപാടിൽ മാറ്റമില്ലെന്നും ഇന്ത്യ പ്രതികരിച്ചിരുന്നു. ഇതാദ്യമായാണ് വിഷയത്തിൽ പ്രധാനമന്ത്രി നേരിട്ട് ഇടപെടുന്നത്.















