ബെംഗളൂരു: പാകിസ്ഥാനിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെന്ന് ഭീകരകേന്ദ്രങ്ങൾ തകർക്കാൻ ഇന്ത്യൻ സൈന്യത്തിന് സാധിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബെംഗളൂരുവിലെ മെട്രോ യെല്ലോ ലൈൻ ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തിന് പിന്നിൽ നമ്മുടെ സാങ്കേതികവിദ്യയാണ്. രാജ്യത്തിന്റെ സാങ്കേതികവിദ്യയുടെ പുതിയ മുഖങ്ങൾ ലോകത്തിന് മുന്നിൽ പ്രദർശിപ്പിച്ചു. ഇതിൽ ബെംഗളൂരുവിലെ യുവാക്കളുടെ പങ്ക് സുപ്രധാനമാണ്. പുതിയ ഇന്ത്യയുടെ പ്രതീകമാണ് ബെംഗളൂരു. നമ്മുടെ സായുധസേനയ്‌ക്ക് അത്യാധുനിക സാങ്കേതികവിദ്യ നൽകിയത് ഇവിടുത്തെ യുവാക്കളാണ്. പാകിസ്ഥാനെ മുട്ടുകുത്തിച്ചതിൽ യുവാക്കൾക്കും സാങ്കേതികവിദ്യയ്‌ക്കും പങ്കുണ്ട്. രാജ്യത്തെ പ്രധാന നഗരങ്ങളുടെ പട്ടികയിൽ ഇടംനേടാൻ ബെംഗളൂരുവിന് സാധിച്ചു.
ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായാണ് ഞാൻ ബെംഗളൂരു സന്ദർശിക്കുന്നത്. ഓപ്പറേഷൻ സിന്ദൂരിന്റെ വിജയത്തിനും അതിർത്തി കടന്ന് ഭീകരകേന്ദ്രങ്ങൾ തകർക്കാനുള്ള കരുത്തിനും മണിക്കൂറുകൾക്കുള്ളിൽ പാകിസ്ഥാനെ മുട്ടുകുത്തിക്കാനുള്ള നമ്മുടെ സൈന്യത്തിന്റെ കഴിവിനും ലോകം മുഴുവൻ സാക്ഷ്യംവഹിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.















