ലക്നൗ: ഉത്തർപ്രദേശിലെ ഫത്തേപൂരിൽ ക്ഷേത്രം തകർത്ത് നിർമിച്ച ശവകുടീരം പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് ഹൈന്ദവ സമൂഹം. ക്ഷേത്രം തകർത്ത് നിർമിച്ച സ്ഥലത്ത് ആരാധന നടത്തണമെന്ന് ആവശ്യപ്പെട്ട് ഹൈന്ദവ സമൂഹം പ്രതിഷേധിച്ചു. നിരവധി ആളുകൾ ശവകുടീരത്തിന് മുന്നിൽ ഒത്തുകൂടുകയും സംഘർഷമുണ്ടാക്കുകയും ചെയ്തു. പ്രതിഷേധം കനത്തതോടെ പൊലീസ് എത്തി ആളുകളെ മാറ്റി.
സദർ തെഹ്സിലിലെ അബുനഗറിലാണ് ശവുകുടീരം സ്ഥിതിചെയ്യുന്നത്. നഗാദ് അബ്ദു സമദിന്റെ ശവകുടീരമാണ് പ്രതിഷേധങ്ങൾക്ക് വഴിവയ്‌ക്കുന്നത്. ക്ഷേത്രത്തിന് മുകളിലാണ് ശവകുടീരം സ്ഥിതിചെയ്യുന്നതെന്നും ഇത് സ്ഥലത്ത് നിന്ന് നീക്കം ചെയ്ത് ആരാധന തുടങ്ങണമെന്നും ഹൈന്ദവർ ആവശ്യപ്പെട്ടു.
അതിരാവിലെ സ്ഥലത്തെത്തിയ പ്രതിഷേധക്കാർ കാവിക്കൊടി നാട്ടുകയും ഭാരത് മാതാ കീ ജയ് വിളിക്കുകയും ചെയ്തു. ഈ നിർമിതിക്കുള്ളിൽ താമരപ്പൂവും തൃശൂലവും ഉൾപ്പെടെയുള്ള ഹൈന്ദവ ആരാധനബിംബങ്ങളുണ്ടെന്നും ഹൈന്ദവർ ഉന്നയിക്കുന്നു.
സർക്കാരിന്റെ നിയന്ത്രണത്തിന് കീഴിലാണ് കെട്ടിടവും അതിന്റെ സമീപപ്രദേശങ്ങളും നിലനിൽക്കുന്നത്. അതുകൊണ്ട് തന്നെ നിയമനടപടിയിലേക്ക് പോകാനാണ് സാധ്യതയെന്നാണ് നിഗമനം. ജില്ലാ മജിസ്ട്രേറ്റ് സ്ഥലത്തെത്തുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. പ്രദേശത്ത് സംഘർഷ സാധ്യതയുള്ളതിനാൽ അധിക പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.















