തൃശ്ശൂർ : മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കും, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനുമെതിരെ ഒളിയമ്പെയ്ത് കേമുരളീധരൻ രംഗത്ത്. ഇന്നലെ തൃശ്ശൂരിൽ നടന്ന എം എ ജോൺ പുരസ്കാര സമർപ്പണവേദിയിലാണ് ഇരുവർക്കുമെതിരെ മുരളീധരൻ ആഞ്ഞടിച്ചത്. എം എ ജോൺ പുരസ്കാരം പ്രതിപക്ഷനേതാവ് വി ഡി സതീശനായിരുന്നു സമർപ്പിച്ചത്. പുരസ്കാര സമർപ്പണത്തിനോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിൽ വിഡി സതീശനെ പുകഴ്‌ത്തുന്നതിന്റെ മറപിടിച്ച് രമേശ് ചെന്നിത്തലയും കെസി വേണുഗോപാലും ഗുരുത്വദോഷികളാണെന്ന തരത്തിൽ ദയാർത്ഥ പരാമർശങ്ങൾ നടത്തുകയായിരുന്നു കെ മുരളീധരൻ.
“കഴിവുള്ളവരെ എത്ര മാറ്റി നിർത്തിയാലും അവർ സ്വയം മുന്നോട്ടു വരുമെന്നുള്ളതിന്റെ ഉദാഹരണമാണ് കഴിഞ്ഞതവണ പ്രതിപക്ഷ നേതാവിന്റെ സ്ഥാനം വിഡി സതീശനെ തേടിയെത്തിയത്. പിന്നെ അദ്ദേഹത്തിന് ഒരു ഗുണമുള്ളത് ഏതായാലും ലീഡർ ശ്രീ കെ കരുണാകരന്റെ ശാപം ഏറ്റു വാങ്ങാത്ത ഒരാളാണ് അദ്ദേഹം അതുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രമോഷന് ഭാവിയിലും തടസ്സം ഉണ്ടാകില്ല എന്ന് ഞാൻ പറയാൻ കാരണം”, കെ മുരളീധരൻ പറഞ്ഞു.
“താൻ മികച്ച എംഎൽഎക്കുള്ള അവാർഡ് കോഴിക്കോട്ട് നിന്നും കൊല്ലത്തു നിന്നും ഏറ്റുവാങ്ങിയിട്ടുണ്ടെന്നും ഇപ്പോൾ മൂന്നാമതാണ് കേ മുരളീധരന്റെ കയ്യിൽ നിന്നും അവാർഡ് ഏറ്റുവാങ്ങുന്നതെന്നും സതീശൻ ഇതിന് മറുപടിയായി പറഞ്ഞു. താൻ കെ മുരളീധരന് ഒരു ജ്യേഷ്ഠ സഹോദരന്റെ സ്ഥാനമാണ് നൽകിയിരിക്കുന്നത് എന്നും വിഡി സതീശൻ തിരികെ പുകഴ്‌ത്തി.
കോൺഗ്രസിലെ പരിവർത്തനവാദി വിഭാഗത്തിന്റെ നേതാവായിരുന്ന എം എ ജോണിന്റെ പേരിൽ ഒരു സംഘടന ഏർപ്പെടുത്തിയ അവാർഡ് ദാന വേദിയിൽ ആയിരുന്നു ഈ പരാമർശങ്ങൾ.
കെ മുരളീധരൻ നടത്തിയ രണ്ടു പരാമർശങ്ങളും രമേശ് ചെന്നിത്തലയ്‌ക്കും കെസി വേണുഗോപാലിനും എതിരെയാണെന്ന് വിലയിരുത്തപ്പെടുന്നു. കഴിഞ്ഞതവണ രമേശ് ചെന്നിത്തലയ്‌ക്ക് ലഭിക്കേണ്ടിയിരുന്ന പ്രതിപക്ഷ നേതാവ് സ്ഥാനം വിഡി സതീശന് നൽകുകയായിരുന്നു എന്ന് അനുമാനിക്കുന്നവരുണ്ട്. കേരളത്തിൽ യുഡിഎഫ് ജയിച്ചാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരാനായി രമേശ് ചെന്നിത്തല യും കെ സി വേണുഗോപാലും നടത്തിക്കൊണ്ടിരിക്കുന്ന കരുനീക്കങ്ങൾക്ക് മുൻകൂറായി തടയിടുക എന്നതായിരുന്നു കെ മുരളീധരന്റെ ലക്ഷ്യമെന്ന് കരുതുന്നവരുണ്ട്. കെ സുധാകരൻ കെപിസിസി പ്രസിഡണ്ടായിരുന്നപ്പോൾ സതീശനും സുധാകരനും തമ്മിലുണ്ടായിരുന്ന സംഘർഷത്തിൽ മുരളീധരൻ പലപ്പോഴും സുധാകരന്റെ പക്ഷം ചേർന്നിരുന്നു. ഇപ്പോൾ സുധാകരൻ കളത്തിനു പുറത്തായ സാഹചര്യത്തിൽ പഴയ ശത്രുവായ രമേശ് ചെന്നിത്തലയ്‌ക്കെതിരായി വി ഡി സതീശനെ ഉപയോഗിക്കുക എന്നതാണ് കെ മുരളീധരന്റെ തന്ത്രം എന്നും രാഷ്‌ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
കെ മുരളീധരനെ രാഷ്‌ട്രീയത്തിൽ ഉയർത്തിക്കൊണ്ടു വരുന്നതിനെതിരെ അന്നത്തെ സംസ്ഥാന കോൺഗ്രസ് ഘടകത്തിലെ ഐ ഗ്രൂപ്പിലെ യുവാക്കൾ , രമേശ് ചെന്നിത്തല, ജി കാർത്തികേയൻ, എം ഐ ഷാനവാസ് എന്നിവരുടെ നേതൃത്വത്തിൽ കലാപം ഉയർത്തിയിരുന്നു. ഇന്ന് രാഹുൽ ഗാന്ധിയുടെ അടുത്ത ആളായി മാറി ദേശീയ നേതാവായ കെ സി വേണുഗോപാൽ അന്ന് രമേശ് ചെന്നിത്തലയുടെ അനുയായിയായി തിരുത്തൽ വാദികളുടെ ഗ്രൂപ്പിലായിരുന്നു. ഇതാണ് കെ കരുണാകരന്റെ ശാപത്തെ ക്കുറിച്ചുള്ള മുരളീധരന്റെ കമന്റിന്റെ അടിസ്ഥാനം.















