ശ്രീനഗർ: കശ്മീരി പണ്ഡിറ്റ് യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വിഘടനവാദി നേതാവ് യാസിം മാലിക്കിന്റെ വീട്ടിൽ റെയ്ഡ്. 35 വർഷം മുമ്പാണ് നേഴ്സായിരുന്ന സരള ഭട്ടിനെ ഇസ്ലാമിസ്റ്റുകൾ കൊലപ്പെടുത്തിയത്. 1990 കളിൽ നടന്ന കശ്മീരി വംശഹത്യയുമായി ബന്ധപ്പെട്ട കേസുകൾ വീണ്ടും അന്വേഷിക്കാൻ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ നിർദ്ദേശം നൽകിയിരുന്നു. പിന്നാലെയാണ് ശ്രീനഗറിലെ 8 സ്ഥലങ്ങളിൽ പ്രത്യേക അന്വേഷണ ഏജൻസി (എസ്‌ഐഎ) റെയ്ഡ് നടത്തിയത്.
ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് (ജെകെഎൽഎഫ്) മുൻ മേധാവി യാസിൻ മാലിക്കിന്റെ ശ്രീനഗറിലെ മൈസുമയിലുള്ള വസതിയിലാണ് റെയ്ഡ് നടന്നത് . മുൻ ജെകെഎൽഎഫ് കമാൻഡർമാരുടെ ഒളിത്താവളങ്ങളിലും പരിശോധന നടന്നു.
1990 കളുടെ തുടക്കത്തിലാണ് സരള ഭട്ടിനെ ഇസ്ലാമിസ്റ്റുകൾ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്. ഷേർ-ഇ-കശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ ഹോസ്റ്റലിൽ നിന്നുമാണ് പിടിച്ചു കൊണ്ടുപോകുകയായിരുന്നു. പിന്നീട് അടുത്ത ദിവസം ശ്രീനഗറിലെ സൗര പ്രദേശത്ത് നിന്ന് വെടിയുണ്ടകൾ തറച്ച മൃതദേഹമാണ് കണ്ടെടുത്തത്.
നിഗീൻ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് പ്രത്യേക അന്വേഷണം സംഘം ഏറ്റെടുക്കുകയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് മുൻ ജെകെഎൽഎഫ് നേതാവ് പീർ നൂറുൽ ഹഖ് ഷായെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ വീട്ടിലും ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു.















