ജയ്പൂർ: കാൽനടയാത്രക്കാർക്കും ഇരുചക്രവാഹന യാത്രികർക്കും ഭീഷണി ഉയർത്തുന്ന തരത്തിൽ റോഡുകളിൽ നിന്ന് തെരുവ് നായകളെയും മറ്റ് മൃഗങ്ങളെയും നീക്കം ചെയ്യാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ഉത്തരവിട്ട് രാജസ്ഥാൻ ഹൈക്കോടതി. സംസ്ഥാനത്തെ നഗരസഭകൾക്കാണ് നിർദേശം നൽകിയത്. റോഡുകൾ വിഹരിക്കുന്ന നായകൾ ആളുകളുടെ ജീവന് ആപത്താണെന്ന് ചൂണ്ടിക്കാട്ടിയാണ് രാജസ്ഥാൻ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
തെരുവുനായകളുടെ കടിയേറ്റുള്ള മരണങ്ങളും പൊതുസ്ഥലങ്ങളിലും മറ്റ് തിരക്കുള്ള റോഡുകളിലും തെരുവുമൃഗങ്ങളുടെ ശല്യവും ഭീഷണിയും പരിഗണിച്ച് ഹൈക്കോടതി സ്വമേധയ സ്വീകരിച്ച ഹർജിയിലാണ് ഉത്തരവ്. ജസ്റ്റിസുമാരായ കുൽദീപ് മാതൂർ, രവി ചിരാനിയ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. വിധിയുമായി ബന്ധപ്പെട്ട് നഗരസഭകൾക്കുള്ള നിർദേശങ്ങൾ ഉൾക്കൊള്ളിച്ച ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. തെരുവുനായകളെ നീക്കം ചെയ്യുന്നതിന് ആരെങ്കിലും തടസം നിന്നാൽ കർശന നടപടി സ്വീകരിക്കുമെന്നും ഹൈക്കോടതി അറിയിച്ചു.
തെരുവുനായകളെ പിടികൂടി കൂട്ടിലടയ്ക്കണമെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സമാന വിധിപ്രസ്ഥാവന രാജസ്ഥാൻ ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് വരുന്നത്. പേവിഷബാധയേറ്റുള്ള മരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതിവിധി.















