തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് വിജയത്തെ ചോദ്യം ചെയ്യുന്നത് തൃശൂരിലെ വോട്ടർമാരെ അപമാനിക്കുന്ന പ്രവർത്തിയാണെന്ന്
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സുരേഷ് ഗോപിക്കെതിരായ വ്യാജ പ്രചാരണങ്ങൾ ഗൂഢാലോചനയുടെ ഭാഗമാണെന്നും കഴിഞ്ഞ പത്ത് വർഷമായി ഭരണനേട്ടങ്ങൾ ഇല്ലാത്തവർ ജനശ്രദ്ധ തിരിച്ചുവിടാൻ നടത്തുന്ന ശ്രമങ്ങളാണിതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
നുണ പറഞ്ഞ് ജനങ്ങളെ വിഡ്ഢികളാക്കാനാണ് ഇടത്-വലത് മുന്നണികൾ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് തൃശൂർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർത്തുന്ന ആരോപണങ്ങൾ. പരാതിയുണ്ടെങ്കിൽ പറയേണ്ടത് കോടതിയിലും തെരഞ്ഞെടുപ്പ് കമ്മീഷനും മുമ്പിലാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ നുണ പറഞ്ഞ് ജനങ്ങളെ പറ്റിക്കാൻ ശ്രമിക്കുന്നതാണ് കോൺഗ്രസിന്റെ രാഷ്‌ട്രീയം.
കഴിഞ്ഞ പത്ത് വർഷം ഒന്നും ചെയ്യാതെ ജനങ്ങളെ ദ്രോഹിക്കുകയായിരുന്നു പിണറായി സർക്കാർ. തെരഞ്ഞെടുപ്പ് വന്നപ്പോൾ ജനശ്രദ്ധ തിരിക്കാനാണ് വ്യാജ പ്രചാരണങ്ങളും ആക്രമണങ്ങളും അഴിച്ചുവിടുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് വോട്ടർ പട്ടിക പരിശോധിക്കാനും തെറ്റുകൾ ചൂണ്ടിക്കാണിച്ച് പരിഹരിക്കാനും രാഷ്‌ട്രീയ പാർട്ടികൾക്ക് അവകാശമുണ്ട്. അത് ഉപയോഗിക്കുകയാണ് വേണ്ടത്.
തെരഞ്ഞെടുപ്പ് കമ്മീഷനിൽ വിശ്വാസമില്ലെങ്കിൽ ഹൈക്കോടതിയും സുപ്രീംകോടതിയുമെല്ലാം ഈ രാജ്യത്തുണ്ട്. എന്തുകൊണ്ടാണ് ഇവർ കോടതിയിൽ പോകാതെ അനാവശ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. അതിന്റെ പശ്ചാത്തലത്തിലാണ് അനാവശ്യ ആരോപണങ്ങളുമായി ഇടത്- വലത് മുന്നണികൾ വരുന്നത്. നുണ പറഞ്ഞ് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണിത്. ഈ കള്ളത്തരങ്ങൾ ബിജെപി തുറന്നുകാട്ടുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.















