ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചൈന സന്ദർശനത്തിന് മുന്നോടിയായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇന്ത്യ സന്ദർശിക്കും. ഓഗസ്റ്റ് 18-നായിരിക്കും അദ്ദേഹം ഇന്ത്യയിലെത്തുക. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ചൈനീസ് വിദേശകാര്യ മന്ത്രി ചർച്ച നടത്തും. ഷാങ്ഹായ് സഹകരണ സംഘടനാ ഉച്ചകോടിയിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി ചൈനയിലേക്ക് പോകുന്നത്. അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് പ്രധാനമന്ത്രിയുടെ ചൈന സന്ദർശനം.
ഇറക്കുമതി തീരുവ വർദ്ധിപ്പിച്ച യുഎസ് നിലപാടിന്റെ പശ്ചാത്തലത്തിലാണ് ചൈനീസ് വിദേശകാര്യ മന്ത്രി ഇന്ത്യയിൽ എത്തുന്നത്. ഇന്ത്യയും ചൈനയും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രി അറിയിച്ചിരുന്നു. പരസ്പരം പോരാടുന്നതിന് പകരം പരസ്പരം പിന്തുണയ്‌ക്കുകയും ജാഗ്രത പാലിക്കുന്നതിന് പകരം സഹകരണം ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ് ചൈനയ്‌ക്ക് താത്പര്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറക്കുമതി തീരുവ വർദ്ധിപ്പിച്ചതോടനുബന്ധിച്ച് ചൈനയും യുഎസും തമ്മിലും പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. ചൈനീസ് സാധനങ്ങൾ യുഎസിൽ ഇറക്കുമതി ചെയ്യുന്നതിന് 145 ശതമാനം തീരുവയും ചൈനീസ് സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് 125 ശതമാനം തീരുവയും പ്രഖ്യാപിച്ചിരുന്നു.















