ഗുവാഹത്തി: അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന ഒമ്പത് റോഹിംഗ്യകൾ പിടിയിൽ. 13 വർഷം മുമ്പാണ് ഇവർ മാൻമാറിൽ നിന്നും ഇന്ത്യയിലെത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അസമിലെ കാച്ചർ ജില്ലയിൽ ഇന്ത്യ- ബംഗ്ലാദേശ് അതിർത്തിക്ക് സമീപത്ത് നിന്നാണ് റോഹിംഗ്യകളെ പിടികൂടിയത്.
മൂന്ന് സ്ത്രീകളും നാലും കുട്ടികളും രണ്ട് പുരുഷന്മാരുമാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ഇന്ത്യയിൽ വിവിധ ഭാഗങ്ങളിലായാണ് ഇവർ താമസിച്ചിരുന്നത്. രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥലത്ത് തെരച്ചിൽ നടത്തിയത്.
ഇവരുടെ ഭാഷയിൽ സംശയം തോന്നിയ നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. ജമ്മുകശ്മീർ, തെലങ്കാന എന്നിവ ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ ഇവർ താമസിച്ചിരുന്നതായി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മനുഷ്യക്കടത്ത് ശൃംഖല വഴിയാണ് ഇവർ ഇന്ത്യയിലെത്തിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.















