മലപ്പുറം: ഹൈന്ദവ സംസ്കാരത്തെയും വിശ്വാസത്തെയും വീണ്ടും അവഹേളിച്ച് എസ്എഫ്ഐ. മലപ്പുറം തിരൂരിലെ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാലയിൽ മലയാളിയുടെ രാമായണ കാലങ്ങൾ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിനെതിരെയാണ് എസ്എഫ്ഐ രംഗത്ത് വന്നത്. ശ്രീരാമനെ അധിക്ഷേപിച്ച് ഫ്ലക്സ് ബോർഡുകൾ ഉയർത്തിപ്പിടിച്ചായിരുന്നു പ്രതിഷേധം.
ഡൽഹി യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസർ ശിവപ്രസാദ് സംസാരിക്കുമ്പോഴായിരുന്നു ഫ്ലക്സ് ബോർഡുമായി പ്രതിഷേധക്കാർ എത്തിയത്. നിരവധി അധിക്ഷേപ ഫ്ലക്സ് ബോർഡുകളുമായി എസ്എഫ്ഐ നേതാക്കൾ സെമിനാർ ഹാളിലേക്ക് കടന്നുവരുകയായിരുന്നു.
സനാതനധർമ സംഘപരിവാർ അജണ്ടയാണെന്നും ശ്രീരാമൻ മര്യാദ പുരുഷോത്തമനല്ല എന്നിങ്ങനെ എഴുതിയ ഫ്ലക്സ് ബോർഡുകളാണ് എസ്എഫ്ഐ നേതാക്കൾ ഉയർത്തിയത്. ബോധപൂർവ്വം തന്നെ ശ്രീരാമനെയും ഹൈന്ദവ വിശ്വാസത്തെയും ആചാരത്തെയും ഹൈന്ദവ സമൂഹത്തെയും അവഹേളിക്കുന്ന തരത്തിലുള്ള പ്രതിഷേധമാണ് എസ്എഫ്ഐ നടത്തിയത്. സെമിനാർ അലങ്കോലപ്പെടുത്താനും എസ്എഫ്ഐയുടെ ശ്രമമുണ്ടായി.
കർക്കിടക മാസത്തോടനുബന്ധിച്ചാണ് സെമിനാറുകളും മറ്റ് സാംസ്കാരിക പരിപാടികളും സംഘടിപ്പിച്ചത്. സെമിനാർ കഴിഞ്ഞതിന് ശേഷമാണ് ഇത്തരമൊരു പ്രതിഷേധത്തെ കുറിച്ച് അറിഞ്ഞതെന്ന് പ്രൊഫ. ശിവപ്രസാദ് പറഞ്ഞു. അക്കാദമിക്ക് അനുയോജ്യമായ പ്രതികരണമായിരുന്നില്ല വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്നുണ്ടായത്. ഭാരത സംസ്കാരത്തിനെതിരെയുള്ള വെല്ലുവിളിയാണിതെന്നും അദ്ദേഹം പറഞ്ഞു.















