ന്യൂഡൽഹി: 79-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തത് രണ്ട് മണിക്കൂറോളം.103 മിനിറ്റാണ് പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗം നീണ്ടത്. സർക്കാരിന്റെ നേട്ടങ്ങൾ എടുത്തുകാണിച്ച പ്രധാനമന്ത്രി രാജ്യത്തിന്റെ സുപ്രധാന സൈനിക നടപടിയായ ഓപ്പറേഷൻ സിന്ദൂറിന് ആദരമർപ്പിച്ചു. ഡൽഹിയിലെ ചെങ്കോട്ടയിലാണ് സ്വാതന്ത്ര്യദിനാഘോഷം നടന്നത്. സ്വാതന്ത്ര്യദിന പ്രസംഗങ്ങളിൽ പ്രധാനമന്ത്രി നടത്തിയ ഏറ്റവും ദൈർഘ്യമേറിയ പ്രസംഗമായിരുന്നുയിത്.
ത്രിവർണ പതാക ഉയർത്തിയ ശേഷം രാവിലെ കൃത്യം 7.33-ന് ആരംഭിച്ച അഭിസംബോധന 9.26 വരെ നീണ്ടു. 2024-ൽ 98 മിനിറ്റ് സംസാരിച്ചുവെന്ന റെക്കോർഡാണ് ഇത്തവണ മോദി തിരുത്തിക്കുറിച്ചത്. ചെങ്കോട്ടയിൽ നിന്ന് തുടർച്ചയായി 12 സ്വാതന്ത്ര്യദിന പ്രസംഗങ്ങൾ നടത്തിയ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ റെക്കോർഡും മോദി തകർത്തു. 2047 -ഓടെ ഒരു പുതിയ, വികസിത ഇന്ത്യയെ കെട്ടിപ്പെടുക്കുമെന്നായിരുന്നു പ്രധാനമന്ത്രി ഈ പ്രസംഗത്തിലൂടെ ഉറപ്പ് നൽകിയത്.
മോദിക്ക് മുമ്പ് 1947-ൽ ജവഹർലാൽ നെഹ്‌റുവും 1997-ൽ ഐ.കെ. ഗുജ്‌റാളും 72 ഉം 71 ഉം മിനിറ്റ് പ്രസംഗങ്ങൾ നടത്തിയിരുന്നു. 2015-ൽ 85 മിനിറ്റ് ദൈർഘ്യമുള്ള പ്രസംഗത്തിലൂടെ പ്രധാനമന്ത്രി ഈ റെക്കോർഡ് തകർത്തിരുന്നു.















