ന്യൂഡൽഹി: ഭാരതത്തിനെതിരെ ഉയരുന്ന ഭീഷണികൾക്ക് നേരെ പുതിയ പ്രതിരോധ സംവിധാനമായ സുദർശന ചക്രം പ്രയോഗിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഏത് തരത്തിലുള്ള ഭീഷണിയെയും പ്രതിരോധിക്കാൻ സുദർശൻ ചക്രത്തിന് സാധിക്കുമെന്നും രാജ്യത്തിന്റെ പ്രതിരോധശേഷിയെ വർദ്ധിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതിരോധ മന്ത്രാലയം വികസിപ്പിച്ചെടുക്കുന്ന ഈ പുത്തൻ സാങ്കേതിക കവചം നിർണായകമായ എല്ലാ വെല്ലുവിളികളിൽ നിന്നും ഉയർന്നുകൊണ്ടിരിക്കുന്ന ഭീഷണികളിൽ നിന്നും പൂർണ സുരക്ഷ ഉറപ്പാക്കുന്നു. അടുത്ത പത്ത് വർഷത്തിനുള്ളിൽ ഈ സുദർശൻ ചക്രം സാങ്കേതികവിദ്യ വികസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഭഗവാൻ ശ്രീകൃഷ്ണനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് രാജ്യത്തിന്റെ പ്രതിരോധ മേഖലയുടെ പുതിയ സുരക്ഷാ സംവിധാനത്തിന് സുദർശന ചക്രം എന്ന് പേരിട്ടിരിക്കുന്നത്.
സുദർശനചക്രം ദൗത്യം ഉടൻ ആരംഭിക്കും. 2035 ആകുമ്പോൾ ദേശീയ സുരക്ഷാ കവചം വികസിപ്പിക്കാനും ശക്തിപ്പെടുത്താനും സാധിക്കും. കൃത്യമായ ലക്ഷ്യം കണക്കാക്കുന്ന സംവിധാനവും അത്യാധുനിക ആയുധങ്ങളും ദൗത്യത്തിൽ ഉൾപ്പെടുത്തും. ഇത് ശത്രുക്കളുടെ ആക്രമണം തടയാനും ശക്തമായി പ്രതിരോധിക്കാനും സഹായിക്കുന്നു. സുദർശന ചക്രം പോലെ ലക്ഷ്യമിട്ട സ്ഥലത്തേക്ക് മിസൈൽ ആക്രമണം നടത്താനുള്ള ശേഷിയും ഇതിനുണ്ട്.
യുദ്ധത്തിന്റെയും വെല്ലുവിളികളുടെയും സ്വഭാവം മാറിക്കൊണ്ടിരിക്കുകയാണ്. എല്ലാത്തിനും ഭാരതം സജ്ജമായിരിക്കേണ്ടതുണ്ട്. സാങ്കേതികവിദ്യകൾ പുരോഗമിക്കുന്നതോടൊപ്പം സൈനിക ശക്തി വർദ്ധിപ്പിക്കുന്നതും തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.















