കുവൈത്ത് സിറ്റി: 79-ാമത് സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ച് കുവൈത്തിലെ ഇന്ത്യൻ എംബസി. ഇന്ത്യൻ സ്ഥാനപതി ആദർശ് സ്വൈക എംബസ്സി വളപ്പിൽ പതാക ഉയർത്തി. ചടങ്ങിന്റെ ഭാഗമായി രാഷ്‌ട്രപതിയുടെ രാഷ്‌ട്രത്തോടുള്ള സന്ദേശം സ്ഥാനപതി വായിച്ചു കേൾപ്പിച്ചു.

വൈവിധ്യമാർന്ന സാംസ്‌കാരിക പൈതൃകത്തിന്റെ പ്രതീകമായ 3,000-ത്തിലധികം ആളുകളാണ് ആഘോഷത്തിൽ പങ്കെടുത്തത്. ദേശഭക്തിഗാനങ്ങളും സാംസ്‌കാരിക പരിപാടികളും ചേർന്ന ആവേശകരമായ ആഘോഷം ഇന്ത്യൻ സമൂഹത്തിലെ ഐക്യത്തിന്റെയും മാതൃഭൂമിയോടുള്ള അഭിമാനത്തിന്റെയും പ്രകടനമായി.

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഹർഖർ തിരംഗ ക്യാമ്പെയിനിലും കുവൈത്തിലെ ഇന്ത്യൻ സമൂഹം ആവേശത്തോടെ പങ്കാളികളായി. ത്രിവർണ പതാകയോടുള്ള ബഹുമാനവും ഐക്യത്തിന്റെ ആത്മാവും പ്രതിഫലിപ്പിച്ചുകൊണ്ടായിരുന്നു ഈ പങ്കാളിത്തം.













