വാഷിംഗ്ടൺ: റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ യുക്രെയിൻ പ്രസിഡന്റ് വ്ളാഡിമർ സെലൻസ്കി വിചാരിച്ചാൽ സാധിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. യുദ്ധം അവസാനിപ്പിക്കുന്നതിനായി റഷ്യയുമായി കരാറിൽ ഒപ്പുവയ്ക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
സെലൻസ്കിക്ക് ആവശ്യമെങ്കിൽ റഷ്യയുമായുള്ള യുദ്ധം ഉടൻ അവസാനിപ്പിക്കാൻ സാധിക്കും. അത് അല്ലെങ്കിൽ പോരാട്ടം തുടരാമെന്നും ട്രംപ് സോഷ്യൽമീഡിയ പ്ലാറ്റ്ഫോമിൽ കുറിച്ചു. നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷനിൽ (നാറ്റോ) ചേരാനുള്ള ശ്രമങ്ങൾ യുക്രെയ്ൻ ഉപേക്ഷിക്കണമെന്നും ട്രംപ് പോസ്റ്റിൽ പറയുന്നു.
യുക്രെയിൻ-റഷ്യ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച യൂറോപ്യൻ നേതാക്കൾ വാഷിംഗ്ടൺ ഡിസിയിലേക്ക് ചർച്ചകൾക്കായി സെലൻസ്കിയെ ക്ഷണിക്കാനിരിക്കെയാണ് ട്രംപിന്റെ പരാമർശങ്ങൾ. ചർച്ചകളിലൂടെ റഷ്യയുമായി ഒത്തുതീർപ്പിലെത്താനാണ് നിർദേശം. റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനുമായുള്ള നീണ്ട ചർച്ചകൾക്ക് പിന്നാലെയാണ് ആവശ്യവുമായി ട്രംപ് എത്തിയിരിക്കുന്നത്.
ഇരു രാജ്യങ്ങളുമായുള്ള സംഘർഷങ്ങൾ മൂന്നര വർഷം പിന്നിട്ടിട്ടും പരിഹാരം കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിൽ തുടർ നടപടികളെ കുറിച്ച് വിലയിരുത്താനാണ് യൂറോപ്യൻ രാജ്യങ്ങളിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുക.















