ന്യൂഡൽഹി: അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്ത് ഭാരതത്തിന് അഭിമാനമായ ശുഭാംഷു ശുക്ലയെ കുറിച്ച് ലോക്സഭയിൽ നടന്ന ചർച്ചക്കിടെയുണ്ടായ പ്രതിപക്ഷ ബഹളത്തിൽ രൂക്ഷ വിമർശനവുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. പ്രതിപക്ഷത്തിന്റെ പെരുമാറ്റം അങ്ങേയറ്റം നിർഭാഗ്യകരവും വേദനാജനകവുമാണെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു.
ഇന്ത്യൻ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംഷു ശുക്ലയുടെ ബഹിരാകാശ യാത്രയെ കുറിച്ചും അദ്ദേഹത്തിന്റെ തിരിച്ചുവരവിനെ കുറിച്ചും
ലോക്സഭയിൽ നടന്ന പ്രത്യേക ചർച്ചക്കിടെ പ്രതിപക്ഷം ബഹളം വയ്‌ക്കുകയും തടസപ്പെടുത്തുകയും ചെയ്തത് അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്ന് രാജ്നാഥ് എക്സിൽ കുറിച്ചു. ഇന്നത്തെ പ്രതിപക്ഷത്തിന്റെ പെരുമാറ്റം വളരെയധികം മോശമായിരുന്നു. രാജ്യത്തെ ബഹിരാകാശ പദ്ധതികളെ കുറിച്ച് ചർച്ച ചെയ്യുകയും അവലോകനം ചെയ്യുകയും ചെയ്യുന്നതിന് പകരം അവർ അനാവശ്യമായി ബഹളംവച്ചു. ഭാരതത്തിന്റെ പ്രധാനപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുമ്പോൾ രാഷ്‌ട്രീയം കൊണ്ടുവരരുതെന്നും രാജ്നാഥ് സിംഗ് നിർദേശിച്ചു.
ഭാരതത്തിന്റെ ബഹിരാകാശ പദ്ധതിയും വികസിത ഭാരതവും എന്ന വിഷയത്തിലായിരുന്നു ലോക്സഭയിൽ ചർച്ച നടന്നത്. രാജ്യത്തിന്റെ നേട്ടം, അഭിമാനം, ഭാവിയിലെ ശാസ്ത്ര-ദേശീയ സുരക്ഷയുടെ സാധ്യതകൾ എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു ചർച്ച.
രാജ്യത്തെ ശാസ്ത്രജ്ഞരെയും ബഹിരാകാശ സഞ്ചാരികളെയും പിന്തുണയ്‌ക്കണമെന്ന് കേന്ദ്ര ബഹിരാകാശ സാങ്കേതിക മന്ത്രി ജിതേന്ദ്ര സിംഗ് പ്രതിപക്ഷത്തോട് അഭ്യർത്ഥിച്ചു.















