വാഷിംഗ്ടൺ: റഷ്യ-യുക്രെയിൻ യുദ്ധം അവസാനിപ്പിക്കുന്നതിനും പരിഹാരം വെടിനിർത്തൽ കരാറിൽ ഏർപ്പെടുന്നതിനുമുള്ള ചർച്ചകൾക്കായി യൂറോപ്യൻ രാജ്യങ്ങളിലെ നേതാക്കൾ യുഎസിലെത്തി. യുക്രെയിൻ പ്രസിഡന്റ് വ്ളാഡിമർ സെലൻസ്കിയും വൈറ്റ് ഹൗസിലെത്തി. ഇന്ത്യൻ സമയം രാത്രി 12 മണിക്കായിരിക്കും യോഗം നടക്കുക.
യുഎസ് യുക്രെയ്‌നുമായി സഹകരിക്കുമെന്നും ഇരുരാജ്യങ്ങൾക്കുമിടയിൽ സമാധാനം ഉറപ്പാക്കുമെന്നും ചർച്ചയ്‌ക്ക് മുന്നോടിയായി ട്രംപ് പറഞ്ഞു. റഷ്യൻ പ്രസിഡന്റ് യുദ്ധം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു. ആളുകൾ കൊല്ലപ്പെടുന്നത് അവസാനിക്കണം. അത് തന്നെയാണ് വ്‌ളാഡിമർ പുടിനും ആഗ്രഹിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി.
റഷ്യ ഈ യുദ്ധം അവസാനിപ്പിക്കണമെന്ന് വാഷിംഗ്ടണിൽ എത്തിയശേഷം സെലൻസ്കി പ്രതികരിച്ചു. യുദ്ധം വേഗത്തിൽ അവസാനിപ്പിക്കാനുള്ള ആഗ്രഹം നമുക്കെല്ലാവർക്കുമുണ്ട്. യുക്രെയിനിലുള്ളവർ അവരുടെ ഭൂമിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുകയാണ്. യുഎസുമായുള്ള ബന്ധവും യൂറോപ്യൻ രാജ്യങ്ങളുമായുള്ള ബന്ധവും റഷ്യയെ സമാധാന ചർച്ചയിലേക്ക് നയിക്കുമെന്ന് വിശ്വസിക്കുന്നുവെന്ന് സെലൻസ്കി പറഞ്ഞു.
റഷ്യ- യുക്രെയിൻ യുദ്ധത്തെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനും തമ്മിലുള്ള കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെയാണിത്. മൂന്നര വർഷത്തെ യുദ്ധം അവസാനിപ്പിക്കാൻ സെലൻസ്കി വിചാരിച്ചാൽ സാധിക്കുമെന്ന് ട്രംപ് സോഷ്യൽമീഡിയ പോസ്റ്റിലൂടെ നേരത്തെ വ്യക്തമാക്കിയിരുന്നു.
ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ഇറ്റലി, ഫിൻലാൻഡ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ, നാറ്റോ മേധാവി മാർക്ക് റുട്ടെ, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ എന്നിവരുമായാണ് ചർച്ച നടക്കുന്നത്. യൂറോപ്യൻ നേതാക്കളുമായുള്ള യോഗത്തിന് മുന്നോടിയായി സെലെൻസ്‌കിയും ട്രംപും കൂടിക്കാഴ്ച നടത്തിയേക്കും.















