ന്യൂഡൽഹി: പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാർ ഭാരതത്തിന് ഒരു ഗുണവും ചെയ്തില്ലെന്ന സത്യം മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു തന്നെ സമ്മതിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നെഹ്റു ഭാരതത്തെ രണ്ട് തവണ വിഭജിച്ചുവെന്നും റാഡ്ക്ലിഫ് ലൈൻ ഉപയോഗിച്ചും നമ്മുടെ രാജ്യത്തിലെ നദിയുടെ 80 ശതമാനം വെള്ളം പാകിസ്ഥാന് നൽകിയും വിഭജിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. എൻഡിഎയുടെ പാർലമെന്ററി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നെഹ്റു ഒരിക്കൽ രാജ്യം വിഭജിച്ചു. പിന്നീട് സിന്ധുനദീജല കരാറിന്റെ 80 ശതമാനം വെള്ളം പാകിസ്ഥാന് നൽകികൊണ്ട് നെഹ്റു രാജ്യത്തെ വിഭജിച്ചു. ഈ തെറ്റുകൾ നെഹ്റു തന്നെ അംഗീകരിച്ചിട്ടുണ്ട്. എന്നാൽ അതുകൊണ്ട് ഒരു പ്രയോജനവും ഉണ്ടായില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
സിന്ധുനദീജല കരാറിൽ ഒപ്പുവച്ചതിനെ വഞ്ചന എന്നാണ് യോഗത്തിൽ പങ്കെടുത്ത ബിജെപി എം പി ജഗദംമ്പിക പാൽ വിശേഷിപ്പിച്ചത്. പാർലമെന്റിന്റെ അംഗീകാരം നെഹ്റു വാങ്ങണമായിരുന്നു. മന്ത്രിസഭയുടെയും പാർലമെന്റിന്റെയും അനുവാദമില്ലാതെ പാകിസ്ഥാനിലേക്ക് പോയി സിന്ധുനദീജല കരാറിൽ ഒപ്പുവച്ചു. ഇത് നമ്മുടെ രാജ്യത്തെ കർഷകരോടുള്ള വഞ്ചനയാണ്.
മന്ത്രിസഭയുടെ അംഗീകാരമോ ചർച്ചയോ ഇല്ലാതെ നദീജല കരാറിൽ ഒപ്പുവയ്‌ക്കുക മാത്രമല്ല 80 കോടി രൂപ പാകിസ്ഥാന് നൽകുകയും ചെയ്തു. പാർലമെന്റിൽ ചർച്ച ചെയ്തതിന് ശേഷം മാത്രമേ മറ്റൊരു രാജ്യവുമായി ഒരു കരാറിൽ ഒപ്പ് വയ്‌ക്കാനാവൂവെന്നും ബിജെപി എം പി വിമർശിച്ചു.















