എറണാകുളം: ട്രെയിൻ യാത്രക്കാരിൽ നിന്ന് പണവും മൊബൈൽ ഫോണും പിടിച്ചുപറിക്കുന്ന സംഘം പിടിയിൽ. ആലുവ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന രണ്ടംഗസംഘമാണ് പിടിയിലായത്. ട്രെയിനിന്റെ വാതിലിൽ നിൽക്കുന്ന യാത്രക്കാരെ ലക്ഷ്യമിട്ടാണ് സംഘം കവർച്ച നടത്തുന്നത്. കൊച്ചി സ്വദേശിയായ ഷൈൻ, കണ്ണൂർ സ്വദേശി അഭിഷേക് എന്നിവരാണ് പിടിയിലായത്.
പെരിയാർ പാലത്തിലൂടെ ട്രെയിൻ വേഗതകുറച്ച് പോകുമ്പോഴാണ് സംഘം യാത്രക്കാരെ അടിച്ച് സാധനങ്ങൾ കൈപ്പറ്റുന്നത്. വാതിലിനരകിൽ നിൽക്കുന്ന യാത്രക്കാരെ വടി ഉപയോഗിച്ച് അടിക്കും. തുടർന്ന് നിലത്ത് വീഴുന്ന സാധനങ്ങൾ കൈക്കലാക്കുന്നു. കഴിഞ്ഞ 11-ന് മുംബൈയ്‌ക്ക് യാത്ര ചെയ്തിരുന്ന യുവാവിൽ നിന്ന് ഒരു ലക്ഷം രൂപ വിലമതിക്കുന്ന ഐഫോൺ സംഘം തട്ടിയെടുത്തിരുന്നു.
കഴിഞ്ഞയാഴ്ചയും ആലുവയിൽ സമാനരീതിയിൽ കവർച്ച നടന്നിരുന്നു. ആലുവ റെയിൽവേ സ്റ്റേഷന് സമീപമുള്ള പെരിയാർ പാലത്തിലൂടെ വേഗം കുറച്ചാണ് ട്രെയിനുകൾ പോകുന്നത്. മേൽപ്പാലത്തിനും റെയിൽവേ സ്റ്റേഷനും ഇടയിലുള്ള ഭാഗത്താണ് കവർച്ചാസംഘം നിൽക്കുന്നത്. ട്രെയിൻ വേഗത കുറച്ച് കടന്നുപോകുന്നതും കവർച്ചാസംഘം യാത്രാക്കാരുടെ കയ്യിലുള്ള സാധനങ്ങൾ അടിച്ചുവീഴ്‌ത്തും. നീളമുള്ള വടി ഉപയോഗിച്ചാണ് ആക്രമിക്കുന്നത്.















