മോസ്കോ: അമേരിക്കയുടെ തീരുവ സമ്മർദ്ദത്തിനിടെ റഷ്യയുമായുള്ള വ്യാപാരം കൂടുതൽ ശക്തമാക്കാൻ ഇന്ത്യ ഒരുങ്ങുന്നു. മോസ്കോ സന്ദർശനത്തിനിടെ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറാണ് ഇത് സംബന്ധിച്ച സൂചനകൾ നൽകിയത്.
അമേരിക്ക 50 ശതമാനം തീരുവ ചുമത്തിയത് ഇന്ത്യ സ്വയം വളരാനുള്ള അവസരമായാണ് കാണുന്നതെന്ന് മോസ്കോയിൽ ഇന്ത്യ-റഷ്യ ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്തു കൊണ്ട് വിദേശകാര്യ മന്ത്രി പറഞ്ഞു. നിലവിലെ സാഹചര്യങ്ങൾ മേക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് കുതിപ്പേകും. ഇന്ത്യ കമ്പനികളുമായി റഷ്യൻ കമ്പനികൾ ബന്ധം ദൃഢമാക്കണമെന്നും ‘തീവ്രമായി’ ഇടപഴകണമെന്നും അദ്ദേഹം പറഞ്ഞു
ഇന്ത്യ- റഷ്യ ബന്ധം ഏറ്റവും സ്ഥിരതയുള്ള ബന്ധങ്ങളിലൊന്നായി വളർന്നിരിക്കുന്നു. ഇനി വ്യാപാരബന്ധത്തിനാണ് കൂടുതൽ ഊന്നൽ നൽകേണ്ടത്. ഇതുവരെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം പരിമിതമായിരുന്നു. വരുന്ന വർഷങ്ങളിൽ ഇത് ഉയർത്തിക്കൊണ്ടുവരാൻ ഇരുരാജ്യങ്ങളും ബോധപൂർവ്വം ശ്രമിക്കണം. കൂടുതൽ നിക്ഷേപങ്ങൾ, സംയുക്ത സംരംഭങ്ങൾ എന്നിവയ്‌ക്കുള്ള ഇന്ത്യയുടെ സന്നദ്ധതയും ജയശങ്കർ പ്രകടിപ്പിച്ചു.
റഷ്യൻ എണ്ണയുടെ പേര് പറഞ്ഞ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ചുമത്തിയ 50 ശതമാനം തീരുവ ഓഗസ്റ്റ് 27 മുതൽ പ്രാബല്യത്തിൽ വരും. എന്നാൽ ഇന്ത്യ മുന്നോട്ട് വച്ച കാൽ പിന്നോട്ടില്ലെന്ന് ആവർത്തിച്ച വ്യക്തമാക്കുകയാണ് മോസ്കോയിൽ ജയശങ്കർ ചെയ്തത്.















