കോഴിക്കോട്: ബംഗാൾ സ്വദേശിനിയായ 15-കാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ അഞ്ച് മലയാളി യുവാക്കൾക്കെതിരെ കേസ്. കോഴിക്കോട് രാമനാട്ടുകരയിലാണ് സംഭവം. ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാമനാട്ടുകരയിൽ താമസിക്കുന്ന അതിഥി തൊഴിലാളികളുടെ മകളാണ് പീഡനത്തിനിരയായത്.
ബംഗാളിൽ നിന്നുള്ള പൊലീസ് സംഘം കോഴിക്കോട് എത്തി അന്വേഷണം നടത്തി. ഓഗസ്റ്റ് 19-നായിരുന്നു കേസിനാസ്പദമായ സംഭവം. തുണിക്കടയിൽ ജോലി ചെയ്തുവരികയായിരുന്നു പെൺകുട്ടി. ഒപ്പം ജോലി ചെയ്യുന്ന യുവാവുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു. സംഭവദിവസം കാറിലെത്തിയ യുവാവ് പെൺകുട്ടിയെ കാറിൽ കടത്തികൊണ്ടുപോയി. തുടർന്ന് ക്ലോറോഫോം ഉപയോഗിച്ച് പെൺകുട്ടിയെ അബോധാവസ്ഥയിലാക്കുകയും ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു.
യുവാവിനൊപ്പം സുഹൃത്തുക്കളായ അഞ്ച് യുവാക്കളും ഉണ്ടായിരുന്നു. പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പെൺകുട്ടിയുടെ ശരീരത്തിൽ നിരവധി പരിക്കുകളുണ്ട്. പ്രതികൾ ലഹരി നൽകിയതായും 15 കാരി പൊലീസിനോട് പറഞ്ഞു. പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതായി അന്വേഷണസംഘം അറിയിച്ചു.















