ശ്രീനഗർ: ഭീകരപ്രവർത്തനങ്ങളിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ജയിലിലടയ്‌ക്കപ്പെട്ട കശ്മീരിലെ രണ്ട് സർക്കാർ ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ലഷ്കർ ഇ ത്വയ്ബ ഭീകരരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെ ജയിലിലാണ് ഇരുവരും. ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടെന്ന് ചൂണ്ടിക്കാട്ടി ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
സർക്കാർ സ്കൂളിലെ അദ്ധ്യാപകനായ അഹമ്മദ് റാത്തർ, കാർഷിക വകുപ്പിലെ ജീവനക്കാരൻ സിയാദ് അഹമ്മദ് ഖാൻ എന്നിവരെയാണ് സർവീസിൽ നിന്ന് പിരിച്ചുവിട്ടത്. ഇന്ത്യ-പാക് അതിർത്തിക്ക് സമീപത്തായാണ് ഇരുവരും താമസിക്കുന്നത്.
രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ അതിർത്തിയിലെ ക്രമസമാധാനം തകർക്കാനും ഭീകരാന്തരീഷം സൃഷ്ടിക്കാനും ഇവർ സജീവമായി പ്രവർത്തിച്ചിരുന്നതായാണ് വിവരം. ലഷ്കർ ഇ ത്വയ്ബ ഭീകരർ നടത്തുന്ന ഭീകരപ്രവർത്തനങ്ങളിലും ലഷ്കർ ഭീകരരുടെ ആയുധക്കടത്തിലും ഇവർ സജീവ പങ്കാളിയായിരുന്നു.
കഴിഞ്ഞ വർഷം ഡിസംബറിലാണ് സിയാദ് അഹമ്മദ് ഖാനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. നിലവിൽ കുപ് വാര ജില്ലാ ജയിലിലാണ് ഇയാൾ. ലഷ്കർ ഭീകരസംഘടനയിലെ അംഗവും കൊടും കുറ്റവാളി കൂടിയായിരുന്നു സിയാദ് അഹമ്മദ് ഖാൻ. സർക്കാരിൽ ജോലി ചെയ്തുകൊണ്ട് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ സംഭവത്തിൽ നിരവധി സർക്കാർ ജീവനക്കാരെ ഇതിനോടകം പിരിച്ചുവിട്ടിട്ടുണ്ട്.















