പട്ന: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിയിൽ പങ്കെടുത്ത് ആർജെഡി എംഎൽഎമാർ. ആർജെഡിയുടെ മുതിർന്ന നേതാക്കളും എംഎൽഎമാരുമായ വിഭാ ദേവി, പ്രകാശ് വീർ എന്നിവരാണ് ബിഹാറിലെ ഗയാജിയിൽ നടന്ന റാലിയിൽ പങ്കെടുത്തത്. വേദിയിലിരുന്ന് പ്രധാനമന്ത്രിയുടെ പ്രസംഗം കേൾക്കുന്ന എംഎൽഎമാരുടെ വീഡിയോ പുറത്തുവന്നു.
ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയോടൊപ്പം വേദി പങ്കിടാൻ ആർജെഡി എംഎൽഎമാർ എത്തിയത്. ആർജെഡി നേതാക്കൾ പാർട്ടിവിട്ട് ബിജെപിയിലേക്ക് വരാനുള്ള സാധ്യതയുണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു.
പ്രസംഗിക്കുന്നിതിനിടെ ആർജെഡിക്കെതിരെ രൂക്ഷ വിമർശനവും പ്രധാനമന്ത്രി ഉന്നയിച്ചിരുന്നു. ആർജെഡിയുടെ ഭരണകാലം അഴിമതിയും അക്രമണവും നിറഞ്ഞ കാലമായിരുന്നെന്നും അതിലേക്ക് ഒരിക്കലും തിരിച്ചുപോകില്ലെന്നും പ്രധാനമന്ത്രി പ്രസംഗത്തിൽ പറഞ്ഞിരുന്നു.
അതേസമയം, ബിജെപി എല്ലാവരെയും പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നെന്ന് ബിജെപി എം പി വിവേക് താക്കൂർ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിയോടൊപ്പം ഏറ്റുമുട്ടിയിരുന്ന എതിർകക്ഷികളായിരുന്നു ആർജെഡി. ഒരുവശത്ത് തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ തകൃതിയായി നടക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പരിപാടിയിൽ പങ്കെടുത്തുകൊണ്ട് ആർജെഡി എംഎൽഎമാർ സാന്നിധ്യമറിയിച്ചത്.















