ന്യൂഡൽഹി: ഗുരുതര ക്രിമിനൽ കുറ്റങ്ങളിൽ ജയിലിൽ കഴിയുന്നവർക്ക് അധികാരത്തിലിരിക്കാൻ യാതൊരു അവകാശവുമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ക്രിമിനൽ കേസുകളിൽ പ്രതിയായി ജയിലിൽ കഴിയുന്ന മന്ത്രിമാരെ അധികാരത്തിൽ നിന്ന് നീക്കം ചെയ്യാനുള്ള പുതിയ ബില്ലിനെ എതിർത്ത പശ്ചിമബംഗാളിലെ തൃണമൂൽ കോൺഗ്രസിനെ വിമർശിക്കുകയായിരുന്നു പ്രധാനമന്ത്രി. കൊൽക്കത്തയിൽ നടന്ന പൊതുപരിപാടിയിലായിരുന്നു പരാമർശം.
ക്രിമിനൽകേസ് പ്രതികൾ അധികാരത്തിലല്ല, ജയിലിലായിരിക്കണം കഴിയേണ്ടത്. പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ജയിലിലായാൽ അവരെ അധികാരത്തിൽ നിന്ന് പിരിച്ചുവിടാൻ നിയമപരമായി യാതൊരു വ്യവസ്ഥയുമില്ല. ജയിലിൽ നിന്ന് ഭരിക്കുന്നവർ എത്ര നാണംകെട്ടവരാണ്. അദ്ധ്യാപക നിയമന അഴിമതിയിൽ ഒരു മന്ത്രി ഇപ്പോഴും ജയിലിലാണ്. എന്നിട്ടും മന്ത്രിസ്ഥാനം ഉപേക്ഷിക്കാൻ അയാൾ തയാറല്ല.
ക്രിമിനൽ പശ്ചാത്തലമുള്ളവരെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കുന്ന ബില്ലിനെ പിന്തുണയ്ക്കും. ജയിലിൽ നിന്ന് ആർക്കും ഉത്തരവുകൾ നൽകാൻ സാധിക്കില്ല. ജനങ്ങളെ വെറും വോട്ട് ബാങ്കായാണ് തൃണമൂൽ കോൺഗ്രസ് കണക്കാക്കുന്നത്. ജനങ്ങളുടെ അവകാശങ്ങളും ആഗ്രഹങ്ങളും അവഗണിക്കുന്നു. ബിജെപിയുടെ വളർച്ച തടയുക എന്നതാണ് അവരുടെ ഏകലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.
അടുത്ത വർഷത്തെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ തള്ളി ബിജെപിയെ അധികാരത്തിൽ കൊണ്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















