ബെയ്ജിംഗ്: ചൈനയിൽ നിർമാണത്തിലിരുന്ന പാലം തകർന്നുവീണ് 12 പേർ മരിച്ചു. രാജ്യത്തെ രണ്ടാമത്തെ നീളം കൂടിയ നദിയായ യെല്ലോ നദിക്ക് കുറുകെ നിർമിച്ച പാലമാണ് തകർന്നത്. അപകടസമയത്ത് പാലത്തിലുണ്ടായിരുന്ന നാല് പേരെ കാണാതായി.
സ്റ്റീൽ കേബിളിനുണ്ടായ തകരാർ മൂലമാണ് അപകടമുണ്ടായതെന്നാണ് വിവരം. പാലത്തിന്റെ ഒരു ഭാഗം തകർന്ന് നദിയിലേക്ക് പതിക്കുകയായിരുന്നു. അപകടത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. അപകടസമയത്ത് 15 നിർമാണ തൊഴിലാളികളും ഒരു പ്രോജക്ട് മാനേജരുമാണ് സ്ഥലത്തുണ്ടായിരുന്നത്. സിചുവാൻ- ക്വിങ്ഹായ് റെയിൽവേ പദ്ധതിയുടെ ഭാഗമായ ഈ പാലം സ്റ്റീൽ ട്രസ് ആർച്ച് പാലം എന്നാണ് അറിയപ്പെടുന്നത്.
രക്ഷാപ്രവർത്തനത്തിനായി ദുരന്തനിവാരണ സേനയെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.















