ചെന്നൈ: മകനെ മുഖ്യമന്ത്രിയാക്കുക എന്നതാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ഏക അജണ്ടയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തിരുനെൽവേലിയിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ്റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഡിഎംകെയും കോൺഗ്രസും കുടുംബവാഴ്ച രാഷ്‌ട്രീയം കളിക്കുകയാണ്. മക്കളെ അടുത്ത മുഖ്യമന്ത്രിയാക്കുക എന്നതാണ് സ്റ്റാലിനിന്റെ ഏക അജണ്ട. ഉദയനിധി സ്റ്റാലിനോ രാഹുൽ ഗാന്ധിയോ അധികാരത്തിൽ വരില്ലെന്ന് ഉറപ്പാണ്.
സ്റ്റാലിനും കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയും കുടുംബവാഴ്ച രാഷ്‌ട്രീയത്തിനാണ് മുൻഗണന നൽകുന്നത്. അവരുടെ മക്കളെ ഉന്നത രാഷ്‌ട്രീയ സ്ഥാനങ്ങളിലേക്ക് കൊണ്ടുവരിക എന്നത് മാത്രമാണ് അവരുടെ ലക്ഷ്യം. ഉദയനിദിയെ മുഖ്യമന്ത്രിയാക്കുക എന്നതാണ് സ്റ്റാലിന്റെ അജണ്ട. രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണം എന്നതാണ് സോണിയയുടെ പ്രധാന ലക്ഷ്യം. എനിക്ക് രണ്ട് പേരോടും പറയാനുള്ളത് ഇത് ഒരിക്കലും നടക്കില്ല എന്നുമാത്രമാണ്. മോദിയുടെ വിജയം ഉറപ്പാണ്. തമിഴ്നാട്ടിൽ എൻഡിഎ തിരിച്ചെത്തും.
എഐഎഡിഎംകെയും ബിജെപിയും തമ്മിലുള്ള സഖ്യം വെറും രാഷ്‌ട്രീയ സഖ്യമല്ല. സംസ്ഥാനങ്ങളിലുടനീളവും ദേശീയ തലത്തിലും ബിജെപി നേടിയ വിജയങ്ങൾക്ക് പിന്നിൽ പാർട്ടിയുടെ താഴെത്തട്ടിലുള്ള പ്രവർത്തകരാണ്. തമിഴ്നാട്ടിൽ പാർട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തുന്നതിനായി അവർ പ്രവർത്തിക്കണമെന്നും അമിത് ഷാ പറഞ്ഞു.















