പാലക്കാട്: അശ്ലീലസന്ദേശം അയയ്‌ക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്ന സ്ത്രീകളുടെ ആരോപണങ്ങൾക്ക് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെ ന്യായീകരിച്ച് ഷാഫി പറമ്പിൽ എം പി. രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷസ്ഥാനം രാജിവച്ചത് പ്രധാനപ്പെട്ട ചുവടാണെന്നും കോടതിവിധിയോ എഫ്ഐആറോ വരുന്നതിന് മുമ്പ് തന്നെ രാജിസന്നദ്ധത രാഹുൽ പാർട്ടി നേതൃത്വത്തെ അറിയിച്ചുവെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
ഒരു യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഇങ്ങനെയൊരു ആരോപണം ഉയർന്നപ്പോൾ തന്നെ രാജിസന്നദ്ധത സ്വമേധയാ പാർട്ടിനേതൃത്വത്തെ അറിയിച്ചു. അത് ചെയ്ത് കഴിഞ്ഞിട്ടും കോൺഗ്രസ് എന്ത് ചെയ്തുവെന്നാണ് എല്ലാവരും ചോദിക്കുന്നത്. ഞാൻ പേടിച്ച് മുങ്ങി എന്നാണ് പറയുന്നത്. ഞാൻ എവിടെയും പേടിച്ച് ഓടിയിട്ടില്ല. ഒരു കോടതിവിധിയോ എഫ്ഐആറോ ഔദ്യോഗികമായി ഒരു പരാതിയോ ലഭിക്കാതെയാണ് ഇങ്ങനെയൊരു ആരോപണം വന്നപ്പോൾ തന്നെ രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചത്.
കോൺഗ്രസിനെ നിർവീര്യമാക്കാം, കോൺഗ്രസ് പ്രവർത്തകരെ നിശബ്ദരാക്കാം സർക്കാരിന്റെ ചെയ്തികളിൽ നിന്ന് ജനങ്ങളുടെ മുമ്പിൽ തത്ക്കാലം മറച്ചുപിടിക്കാമെന്ന് വിചാരിച്ചാണ് സമരമുൾപ്പെടെ നടത്തുന്നതെന്നും ഷാഫി പറമ്പിൽ പറഞ്ഞു.















