ന്യൂഡൽഹി: ‘പ്രൊജക്ട് 75 ഇന്ത്യ’ എന്ന പദ്ധതിയുടെ ഭാഗമായി ആറ് നൂതന അന്തർവാഹിനി കപ്പലുകൾ വാങ്ങുന്നതിനായി ജർമനിയുമായുള്ള കരാറിന് അനുമതി. ആറ് നൂതന അന്തർവാഹിനികളാണ് വാങ്ങുന്നത്. കരാറുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്താൻ പ്രതിരോധ മന്ത്രാലയത്തിനും മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡിനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്.
അന്തർവാഹിനി കപ്പലുകളെ കുറിച്ച് വിപുലമായ ചർച്ചകൾ നടന്നുവെന്നും ഉന്നത പ്രതിരോധ-ദേശീയ സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ നടത്തിയ ഉന്നതതല യോഗത്തിന് ശേഷമാണ് തീരുമാനമായതെന്നും പ്രതിരോധ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു.
ഇന്ത്യൻ പ്രതിരോധ മന്ത്രാലയവും ജർമൻ പ്രതിനിധിയുമായുള്ള ചർച്ചകൾ ഈ മാസം അവസാനത്തോടെ ആരംഭിക്കുമെന്നാണ് പ്രതീക്ഷ. എയർ ഇൻഡിപെൻഡന്റ് പ്രൊപ്പൽഷൻ സംവിധാനങ്ങൾ ഉപയോഗിച്ച ആറാം തലമുറ അന്തർവാഹിനികൾ വാങ്ങാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ഇത് വെള്ളത്തിനടിയിലെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും അന്തർവാഹിനികളെ മൂന്ന് ആഴ്ചയോളം വെള്ളത്തിൽ മുക്കിനിർത്തുകയും ചെയ്യുന്നു.
ജർമിനിയുമായുള്ള കരാർ ചർച്ചകൾ പൂർത്തിയാക്കാൻ പ്രതിരോധ മന്ത്രാലയം ലക്ഷ്യമിടുന്നുണ്ട്. അതിന് ശേഷമായിരിക്കും കേന്ദ്ര സർക്കാരിൽ നിന്നും അന്തിമ അനുമതി തേടുന്നത്. പരമ്പരാഗത അന്തർവാഹിനികൾ രൂപകൽപ്പന ചെയ്യുന്നതിലും നിർമിക്കുന്നതിലും തദ്ദേശീയ കഴിവുകൾ വളർത്തിയെടുക്കുകയും അതിലൂടെ വിദേശ വിതരണക്കാരെ ആശ്രയിക്കുന്നത് കുറയ്‌ക്കുക എന്നതാണ് കരാറിന്റെ പ്രധാന ലക്ഷ്യം. കരാർ ധാരണയിലായാൽ നിർമാണ സമയക്രമം വേഗത്തിലാക്കാനുള്ള ശ്രമങ്ങളും നടന്നുവരികയാണ്.















