തിരുവനന്തപുരം: അശ്ലീല സന്ദേശങ്ങൾ അയച്ചെന്ന് ആരോപിച്ച് എസ്പിക്കെതിരെ വനിത ഉദ്യോഗസ്ഥർ രംഗത്ത്. രണ്ട് വനിതാ എസ്ഐമാരാണ് മുതിർന്ന ഉദ്യോഗസ്ഥനെതിരെ പരാതി നൽകിയത്. മോശം സന്ദേശങ്ങൾ അയയ്ക്കുകയും അപമര്യാദയായി സംസാരിക്കുകയും ചെയ്തുവെന്നാണ് പരാതി. ഡിഐജി അജിത ബീഗത്തിനാണ് ഉദ്യോഗസ്ഥർ പരാതി നൽകിയത്.
പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോർട്ട് പൊലീസ് മേധാവിക്ക് കൈമാറി. ജോലി സ്ഥലത്ത് സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിനുള്ള പോഷ് നിയമപ്രകാരമാണ് കേസ് അന്വേഷിക്കുന്നത്.
ആരോപണവിധേയനായ എസ്പിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. നേരത്തെ ജില്ലാ പൊലീസ് മേധാവിയായിരുന്ന ഉദ്യോഗസ്ഥൻ നിലവിൽ തിരുവനന്തപുരത്തെ സുപ്രധാന പദവിയിലിരിക്കുന്ന വ്യക്തിയാണ്. പരാതിക്കൊപ്പം സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകളും മറ്റ് വിവരങ്ങളും കൈമാറിയിട്ടുണ്ട്. കുറ്റം തെളിഞ്ഞാൽ വകുപ്പുതല നടപടികൾ ഉണ്ടാകുമെന്നാണ് വിവരം.















