തിരുവനന്തപുരം: പൊതുജനങ്ങളിൽ നിന്ന് കൈക്കൂലി വാങ്ങിയ സംഭവത്തിൽ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. ഏജന്റുമാർ മുഖേന കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടിയെടുക്കുന്നത്. ഓപ്പറേഷൻ ഓൺ വീൽസ് എന്ന പേരിൽ സംസ്ഥാന വ്യാപകമായി വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിലാണ് ഉദ്യോഗസ്ഥരുടെ കൈക്കൂലി കൈപ്പറ്റൽ കണ്ടെത്തിയത്.
നേരിട്ടും ഗൂഗിൾപേ വഴിയുമാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. 112 ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് വിവരം. 72 ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിക്കും 40 ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് കേസെടുക്കാനുമാണ് തീരുമാനം.
17 റീജനൽ ട്രാൻസ്പോർട്ട് ഓഫീസുകളിലും 64 സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫീസുകളിലുമാണ് പരിശോധന നടന്നത്. പരിശോധനയിൽ കൈക്കൂലിയുമായി എത്തിയ ഏജന്റുമാരിൽ നിന്ന് 1,40,760 രൂപ പിടിച്ചെടുത്തു. നിലമ്പൂര്‍ സബ്-റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസിന്റെ പരിസരത്ത് നടത്തിയ പരിശോധനയിൽ വിജിലൻസ് ഉദ്യോഗസ്ഥർ വന്നുവെന്ന് അറിഞ്ഞ് വലിച്ചെറിഞ്ഞ 49,300 രൂപയും കണ്ടെടുത്തിട്ടുണ്ട്.
അക്കൗണ്ട് രേഖകൾ ഉൾപ്പെടെ ശേഖരിച്ച് വിശദപരിശോധനകൾ നടത്തിയിരുന്നു. ഏജന്റുമാരിൽ നിന്ന് നേരിട്ടും ബന്ധുക്കളുടെ അക്കൗണ്ട് വഴിയും യുപിഐ മുഖേന വ്യാപകമായി കൈക്കൂലി പണം സ്വീകരിച്ചുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ ഉദ്യോഗസ്ഥർ ഡ്രൈവിംഗ് സ്കൂൾ ഉടമകൾക്കും ഏജന്റുമാർക്കും നിയമവിരുദ്ധമായി സൗകര്യങ്ങൾ ഒരുക്കികൊടുക്കുകയും ഒത്താശ ചെയ്യാറുണ്ടെന്നും തെളിഞ്ഞു.















