തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന് എംഎൽഎയായി തുടരാൻ അവകാശമില്ലെന്ന് മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വി മുരളീധരൻ. രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എത്തിയാൽ ജനങ്ങൾ ചൂലെടുക്കുമെന്നും എംഎൽഎയായി തുടരാൻ അവകാശമില്ലെന്നത് പാലക്കാട്ടെ ജനങ്ങളുടെ ആവശ്യമാണെന്നും വി മുരളീധരൻ പറഞ്ഞു. വിഷയത്തിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുയായിരുന്നു അദ്ദേഹം.
“പാലക്കാട്ടെ ജനങ്ങൾ രാഹുൽ മാങ്കൂട്ടത്തിലിനെ എന്തിന് സഹിക്കണം. ഒത്തുകളിയാണ് കോൺഗ്രസിന്റെ നിലപാട്. രാഹുലിന്റെ ഭീഷണിയാണ് ഇതിന് പിന്നിൽ. പീഡനവീരനെ പുറത്താക്കിയതിലാണ് വി ഡി സതീശന് ഹൃദയവേദന. ഇരകളാക്കപ്പെട്ട സ്ത്രീകളെ കുറിച്ച് ഒരു വേദനയുമില്ലെന്നും” വി മുരളീധരൻ പറഞ്ഞു.
അതേസമയം, യുവതികൾ ഉന്നയിച്ച ആരോപണങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിൽ നിരപരാധിത്വം തെളിയിക്കണമെന്നാണ് എഐസിസിയുടെ വാദം. കാര്യങ്ങളിൽ വ്യക്തത വരാതെ തുടർ പരിഗണനകളില്ലെന്നും രാഹുലിൽ നിന്നും ഇതുവരെ തൃപ്തികരമായൊരു മറുപടി കിട്ടിയിട്ടില്ലെന്നും നേതൃത്വം അറിയിച്ചു.















