തൃശൂർ: ഗുരുവായൂർ ക്ഷേത്രകുളത്തിൽ കാൽ കഴുകുകയും ചട്ടലംഘനം നടത്തുകയും ചെയ്ത സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ ജാസ്മിൻ ജാഫറിനെതിരെ ബിജെപി നേതാവ് യുവരാജ് ഗോകുൽ. ഫോളോവേഴ്സ് കൂട്ടാൻ തോന്ന്യവാസം കാണിക്കാനുള്ള സ്ഥലമല്ല ക്ഷേത്രങ്ങളെന്നും അത്തരം ആഭാസങ്ങൾ നടത്തിയാൽ ശുദ്ധികലശം തന്നെയാണ് നടത്തുന്നതെന്നും യുവരാജ് ഗോകുൽ ഫെയ്സ്ബുക്കിൽ കുറിച്ചു.
ജാസ്മിൻ ക്ഷേത്രക്കുളത്തിൽ ഇറങ്ങുകയും കാല് കഴുകുകയും ചെയ്തത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. പിന്നാലെ ഗുരുവായൂർ അഡ്മിനിസ്ട്രേറ്റർ പരാതി നൽകുകയും ചെയ്തു. തുടർന്നാണ് ക്ഷേത്രത്തിൽ പുണ്യാഹം നടത്താൻ തീരുമാനിച്ചത്. ഇതിനെതിരെ അഭിപ്രായങ്ങൾ പങ്കുവച്ചുകൊണ്ടും ജാസ്മിനെ ന്യായീകരിച്ചും ചിലർ രംഗത്തെത്തുകയായിരുന്നു. അവർക്കുള്ള മറുപടിയായാണ് യുവരാജ് ഗോകുൽ ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവച്ചത്.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
“ഗുരുവായൂരിലെ പുണ്യാഹം. പുരോഗമന വാദികള്‍ എന്ന് വിളിക്കുന്ന ഒരു വിഭാഗം വലിയ തോതില്‍ നിലവിളിയുമായി എത്തിയത് ശ്രദ്ധയില്‍പെട്ടു. പലരും വിഷയത്തിലെ അഭിപ്രായവും ചോദിക്കുന്നുണ്ട്.
ഗുരുവായൂരുള്‍പ്പെടെയുള്ള ക്ഷേത്ര പരിസരങ്ങളില്‍ ഫോട്ടോയോ വീഡിയോ എടുക്കുന്നത് വിലക്കുന്നത് ശരിയല്ല എന്നാണ് വ്യക്തിപരമായ അഭിപ്രായം. അതിന്‍റെ കാര്യകാരണങ്ങള്‍ പറയേണ്ട വേദി ഇതല്ല അതുകൊണ്ട് പറയുന്നില്ല. പക്ഷേ, ആ ഫോട്ടോയും വീഡിയോയും എടുക്കാന്‍ അവകാശം ഭക്തര്‍ക്ക് മാത്രമാണ്.
ചിലര്‍ക്ക് ഫോളോവേഴ്സ് കൂട്ടാന്‍ തോന്ന്യവാസം കാണിക്കാനുള്ള ഇടമല്ല നമ്മുടെ ക്ഷേത്രങ്ങള്‍. ഫോട്ടോഷൂട്ട് കേന്ദ്രങ്ങളല്ലെന്ന് അര്‍ത്ഥം. അത്തരം ആഭാസങ്ങള്‍ നടന്നാല്‍ ശുദ്ധികലശം നടക്കണം. അതില്‍ കുറഞ്ഞുള്ള പുരോഗമനം മതി. ഇത് ചെയ്തത് ക്ഷേത്രത്തില്‍ ഭക്തി കൊണ്ടെത്തുകയും ശേഷം മനോഹരമായ ഒരു കുളമോ അരയാലോ ഒക്കെ കാണുമ്പോൾ ഫോട്ടോയോ വീഡിയോയോ എടുക്കുകയോ ചെയ്ത ആളാണേല്‍ അഭിപ്രായം മറ്റൊന്നായേനെ. ക്ഷേത്രങ്ങളെ ഫോട്ടോഷൂട്ട് കേന്ദ്രങ്ങളായി മാത്രം കാണുന്നവര്‍ വരണ്ട”- യുവരാജ് ഗോകുൽ കുറിച്ചു.















