തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഇത്രയധികം ആരോപണങ്ങൾ ഉയർന്നിട്ടും എംഎൽഎ സ്ഥാനം രാജിവയ്‌ക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്തുകൊണ്ടാണ് ആവശ്യപ്പെടാത്തതെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി കെ കൃഷ്ണദാസ്. രാജിവയ്‌ക്കണമെന്ന് പറയാൻ വി ഡി സതീശന് ഭയമാണെന്നും അതിന് തയാറാകാത്തത് എന്തുകൊണ്ടെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കണമെന്നം പി കെ കൃഷ്ണദാസ് ദാസ് പറഞ്ഞു. മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രാഹുലിനെതിരെ ഉയർന്നുവന്ന ആരോപണങ്ങൾ ഗുരതരവും സത്യസന്ധവും വസ്തുനിഷ്ഠവുമാണ്. അത് അംഗീകരിച്ചുകൊണ്ടാണ് കോൺഗ്രസ് രാഹുലിനെ സംസ്ഥാന അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് നീക്കിയത്. വി ഡി സതീശന് ധാർമികതയുണ്ടെങ്കിൽ രാഹുലിന്റെ എംഎൽഎ സ്ഥാനം രാജിവയ്പ്പിക്കാനാണ് തയാറാകേണ്ടത്.
രാഹുൽ രാജിവച്ചാൽ അതിനേക്കാൾ വലിയൊരു ബോംബ് ചിലപ്പോൾ രാഹുലായിരിക്കും പൊട്ടിക്കാൻ പോകുന്നത്. രാഹുലിന്റെ കാര്യത്തിൽ വലിയ ഹൃദയവേദനയാണ്. പക്ഷേ, പീഡിപ്പിക്കപ്പെട്ട ഇരകളുടെ കാര്യത്തിൽ യാതൊരുവേദനയും സതീശനില്ല. മുകേഷ് എംഎൽഎയുടെ കാര്യം വന്നപ്പോൾ സിപിഎമ്മിന്റെ നിലപാട് കണ്ടതാണ്. എൽഡിഎഫും യുഡിഎഫും തമ്മിൽ യാതൊരു വ്യത്യാസവുമില്ല.
ഓലപ്പാമ്പ് കാട്ടി ബിജെപിയെ ഭയപ്പെടുത്താമെന്ന് സതീശനും കോൺഗ്രസ് നേതാക്കന്മാരും വിചാരിക്കണ്ട. രാഹുലിന്റെ രാജി ആവശ്യപ്പെട്ട് നാളെ മുതൽ നമ്മൾ പ്രക്ഷോഭം നടത്തും. ഒരു ബോംബ് പൊട്ടിക്കുമെന്ന് വി ഡി സതീശൻ ഇന്നലെ പറഞ്ഞിരുന്നു. എന്നാൽ ഈ ബോംബിനെ കുറിച്ച് യാതൊരു പ്രാഥമിക അറിവും ഇല്ലാത്തവരാണ് ഇത് പറയുന്നത്. തെളിവില്ലാതെ കോടതി തള്ളിക്കളഞ്ഞ കേസാണ് ഇപ്പോൾ പൊങ്ങിവന്നത്. കൃഷ്ണകുമാറിനെതിരെ വന്ന ആരോപണം രാഷ്‌ട്രീയ ആയുധമായാണ് കോൺഗ്രസും വി ഡി സതീശനും ബിജെപിക്കെതിരെ ഉയർത്തുന്നത്. പല കോൺഗ്രസ് നേതാക്കന്മാർക്കെതിരെയും ഇതുപോലെ ആരോപണങ്ങൾ ഉണ്ടായിട്ടുണ്ട്. അതൊക്കെ ഉയർത്തി കാണിക്കാൻ സതീശൻ തയറാകുമോയെന്നും കൃഷ്ണദാസ് ചോദിച്ചു.















