എറണാകുളം: ബാറിലുണ്ടായ തർക്കത്തെ തുടർന്ന് ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ നടി ലക്ഷ്മി മേനോന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. പരാതിക്കാരൻ ലൈംഗിക അധിക്ഷേപ പരാമര്‍ശം നടത്തിയെന്നും അസഭ്യം പറഞ്ഞെന്നും ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി. കേസിൽ നടി മുൻകൂർ ജാമ്യം തേടിയിരുന്നു. പരാതിക്കാരന് ലൈംഗിക അധിക്ഷേപ പരാമര്‍ശം നടത്തിയെന്നും അസഭ്യം പറഞ്ഞെന്നും ലക്ഷ്മി മേനോൻ ഹർജിയിൽ പറയുന്നു.
കുറ്റകൃത്യവുമായി തനിക്ക് ബന്ധമില്ലെന്നും താൻ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും താരം ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. പരാതിക്കാരനായ ഐടി ജീവനക്കാരൻ കെട്ടിച്ചമച്ച കഥകളാണ് പൊലീസിനോട് പറഞ്ഞത്. ബാറിൽ വച്ച് തന്നെയും ഒപ്പമുണ്ടായിരുന്നവരെയും യുവാവ് അധിക്ഷേപിച്ചു. കൂടാതെ അശ്ലീലം പറയുകയും ചെയ്തു. തുടർന്നാണ് വാക്കുതർക്കമുണ്ടായത്. പിന്നാലെ യുവാവ് തങ്ങളെ കാറിൽ പിന്തുടരുകയായിരുന്നുവെന്നും ലക്ഷ്മി മേനോൻ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിൽ പറയുന്നു. ലക്ഷ്മി മേനോൻ ഉൾപ്പെടെ അഞ്ച് പേർക്കെതിരെയാണ് കേസെടുത്തത്.
ഓഗസ്റ്റ് 24-ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി 11.30 ഓടെ നോർത്ത് റെയിൽവേ പാലത്തിന് സമീപത്ത് വച്ചാണ് സംഭവം നടന്നത്.















