ന്യൂഡൽഹി: ഏഴ് വർഷങ്ങൾക്ക് ശേഷം ചൈന സന്ദർശിക്കാനൊരുങ്ങുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓഗസ്റ്റ് 31 സെപ്റ്റംബർ ഒന്ന് തീയതികളിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനം തീരുമാനിച്ചിരിക്കുന്നത്. സന്ദർശനവേളയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംങുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.
ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടിയിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി ചൈന സന്ദർശിക്കുന്നത്. ദ്വിദിന ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ ഉൾപ്പെടെ 20-ലധികം ലോകനേതാക്കൾ പങ്കെടുക്കും.
2020-ലെ അതിർത്തി സംഘർഷങ്ങളെ തുടർന്നാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽവീണത്. തുടർന്ന് വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളുടെയും സഹകരണം തകരുകയായിരുന്നു. ചൈനയുമായി എല്ലാ തരത്തിലുള്ള ബന്ധങ്ങളും അവസാനിപ്പിക്കാനുള്ള നീക്കങ്ങളും ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു.
കഴിഞ്ഞ വർഷം കസാനിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിലാണ് ചൈനീസ് പ്രസിഡന്റും പ്രധാനമന്ത്രിയും അവസാനമായി ഒരുമിച്ചെത്തിയത്. ഉഭയകക്ഷി ബന്ധം വളർത്തുന്നതിന് നിർണായകമായിരിക്കും ഉച്ചകോടിക്കിടെയുള്ള ഇരുനേതാക്കളുടെയും കൂടിക്കാഴ്ച എന്നാണ് വിലയിരുത്തൽ.















