പാലക്കാട്: അയ്യപ്പഭക്ത സംഗമത്തിന് പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ വിളിച്ചത് വലിയ തമാശയായാണ് തോന്നുന്നതെന്ന് ബിജെപി തമിഴ്നാട് സംസ്ഥാന ഉപാദ്ധ്യക്ഷയും നടിയുമായ ഖുശ്ബു സുന്ദര്‍. ദൈവം ഇല്ലെന്ന് പറയുന്നവരെയാണ് അയ്യപ്പഭക്ത സംഗമത്തിന് വിളിച്ചത്. എന്ത് ധൈര്യത്തിലാണ് കേരള സർക്കാർ സ്റ്റാലിനെ ഇത്തരമൊരു പരിപാടിയിലേക്ക് വിളിച്ചതെന്നും ഖുശ്ബു സുന്ദർ പ്രതികരിച്ചു.
പാലക്കാട് ജനംടിവിയോട് സംസാരിക്കുകയായിരുന്നു അവർ.
അയ്യപ്പന് വേണ്ടിയും ഹൈന്ദവ വിശ്വാസം സംരക്ഷിക്കുന്നതിന് വേണ്ടിയും പ്രയത്നിക്കുന്നവരെ ഒഴിവാക്കി സ്റ്റാലിനെ വിളിച്ചത് പരിഹാസ്യമാണ്. ഭക്തരുടെ കടുത്ത വിമർശനങ്ങളോടെ ഭയന്ന് പിന്മാറി. ദൈവമുണ്ടോ ഇല്ലേ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. നിങ്ങൾ ക്ഷേത്രങ്ങളിൽ പോകുന്നു.നിങ്ങളുടെ വീട്ടിലെ സ്ത്രീകൾ ക്ഷേത്രത്തിൽ പോകുന്നു. വീട്ടിൽ തന്നെ പൂജകൾ നടത്തുന്നു. കയ്യിൽ നൂല് കെട്ടിയിട്ടുണ്ട്. എന്നാൽ ദൈവമില്ല, എന്നതാണ് നിലപാട്. നിങ്ങൾ ആരെയാണ് കബളിപ്പിക്കുന്നത്. നിങ്ങൾ നിങ്ങളെ തന്നെയാണോ, അതോ ചുറ്റുമുള്ള ആളുകളെയാണോ പറ്റിക്കുന്നത്.
ദൈവമുണ്ടോ ഇല്ലെ എന്ന സംശയത്തിലാണ് കമ്യൂണിസ്റ്റ് പാർട്ടി. ഉണ്ടെന്ന് അറിയാമെങ്കിലും ഇല്ലെന്ന് പറയണം. അതാണ് അവർ ചെയ്യുന്നത്. അയ്യപ്പഭക്തനെയും പൂജ ചെയ്യുന്നവരെയും അതിന് വേണ്ടി പ്രവർത്തിക്കുന്നവരെയും ഒഴിവാക്കിയാണ് ദൈവമേ ഇല്ലെന്ന് പറഞ്ഞ ആളുകളെ കൊണ്ടുവരുന്നത്.
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ രാജിവെക്കണമെന്നും ഖുശ്ബു പറഞ്ഞു. രാഹുലിനെതിരെ ഒരു കുറ്റം മാത്രമല്ല, പല കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ഓഡിയോ ക്ലിപ്സും വോയിസ് റെക്കോർഡുമെല്ലാം പുറത്തുവന്നു. എംഎൽഎയായി ഇരിക്കാനുള്ള ഒരു യോഗ്യതയുമില്ലെന്നും ഖുശ്ബു പറഞ്ഞു.















