ന്യൂഡൽഹി: ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്‌ക്കെതിരെയുള്ള യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പരാമർശം തള്ളി ഓസ്ട്രേലിയ. ധാരാളം അത്ഭുതകരമായ അവസരങ്ങൾ നിറഞ്ഞ രാജ്യമായാണ് തങ്ങൾ ഇന്ത്യയെ കാണുന്നതെന്ന് ഓസ്ട്രേലിയൻ വ്യാപാര മന്ത്രി ഡോൺ ഫാരെൽ പറഞ്ഞു. ഓസ്ട്രേലിയയ്‌ക്കെതിരെയോ ഇന്ത്യയ്‌ക്കെതിരെയോയുള്ള തീരുവകളെ തങ്ങൾ എന്നും എതിർക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടെ ഇറക്കുമതി തീരുവ 50 ശതമാനമായി വർദ്ധിപ്പിച്ച യുഎസ് നടപടിയെ വിമർശിച്ച ഓസ്ട്രേലിയൻ വിദേശകാര്യമന്ത്രി പെന്നി വോങിന്റെ പരാമർശത്തിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. അദാനിയുടെ ഖനന പദ്ധതികളെ പ്രോത്സാഹിപ്പിക്കുകന്നതിനും ഇന്ത്യയിലേക്കുള്ള യുറേനിയം കയറ്റുമതിയെ പിന്തുണയ്‌ക്കുന്നതിനും ഇന്ത്യയുമായി സാമ്പത്തിക ഇടപെടലിന് ശ്രദ്ധകേന്ദ്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ നിക്ഷേപം വർദ്ധിപ്പിക്കാൻ ഓസ്ട്രേലിയ താത്പര്യപ്പെടുന്നുണ്ട്. ഇന്ത്യയെ പോലെ വികസിതമാകുന്നതിനുള്ള ജനാധിപത്യ രാജ്യമാണ് ഓസ്ട്രേലിയ. ഇരുരാജ്യങ്ങളും തമ്മിലുള്ള നിക്ഷേപം വർദ്ധിപ്പിക്കുന്നതിനും ഇന്ത്യയുമായി സഹകരണം മുന്നോട്ട് കൊണ്ടുപോകാനും ഞങ്ങൾ ആഗ്രഹിക്കുന്നു. ഇന്ത്യയിലെ ജനങ്ങളുമായി സഹകരിക്കണം. ഓസ്ട്രേലിയയ്‌ക്കും ഇന്ത്യയ്‌ക്കും ഇടയിലുള്ള വിതരണം മെച്ചപ്പെടുത്തണം. ഒരു മുതിർന്ന ഉദ്യോഗസ്ഥനെ ഇന്ത്യയിലേക്ക് അയച്ചിട്ടുണ്ട്.
സ്വതന്ത്രവും നീതിയുക്തവുമായ വ്യാപാരത്തിൽ വിശ്വസിക്കുന്ന ഒരു രാജ്യമാണ് ഞങ്ങൾ. അതിനാൽ താരിഫ് ചുമത്തുന്നതിനെ രാജ്യം ഒരിക്കലും പിന്തുണയ്‌ക്കില്ലെന്നും ഡോൺ ഫാരെൽ പറഞ്ഞു.















